കെ.പി. നാരായണന്‍ ബെഡൂര്‍

കെ.പി. നാരായണന്‍ ബെഡൂര്‍


കലാ-സാംസ്‌കാരിക രംഗത്ത് മാത്രമല്ല, സാമൂഹ്യ രാഷ്ടീയ മണ്ഡലങ്ങളിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന് ഉടമയായ കെ.പി. നാരായണന്‍ ബെഡൂര്‍, അഭിവക്ത കണ്ണൂര്‍ ജില്ലയിലെ വെസ്റ്റ് എളേരിയില്‍പ്പെട്ട ബെഡൂരിലിലെ കാര്‍ഷിക കുടുംബത്തില്‍ അപ്പു കുഞ്ഞാതി ദമ്പതികളുടെ ഒമ്പത് മക്കളില്‍ മൂന്നാമനാണ്. കമ്പല്ലൂരിലെ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിച്ചത്. ഏഴാംതരം പൂര്‍ത്തിയാക്കിയപ്പോള്‍ അന്നത്തെ പ്രതികൂല സാഹചര്യത്തില്‍ തുടര്‍ വിദ്യാഭ്യാസം എന്നത് കൊച്ചുമനസ്സില്‍ കേവലം ഒരു മരീചിക മാത്രമായിരുന്നു. പില്‍ക്കാലത്ത് പച്ചയായ ജീവിതത്തിന്റെ മൂശയില്‍ പാകപ്പെടുത്തിയെടുത്ത കലാസൃഷ്ടികള്‍ക്ക് ഒരു പക്ഷേ ഇക്കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലങ്ങള്‍ നിദാനമായി വര്‍ത്തിച്ചിരിക്കാം. തന്റെ പതിനെട്ടാമത്തെ വയസ്സമുതല്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് സക്രിയസാന്നിധ്യമായി ഇദ്ദേഹംനിലയുറപ്പിച്ചു.
എക്കാലവും അടിയുറച്ച ഇടതുപക്ഷ പ്രവര്‍ത്തകനും, തൊഴിലാളിവര്‍ഗ്ഗ പ്രവസ്ഥാനത്തിന്റെ സഹയാത്രികനായ കെ.പി. നാരായണന്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ യുവജന സംഘടനയായ കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്റെ ഈ മേഖലയിലെ അമരക്കാരനായി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു. രാഷ്ട്രീയ കാര്യങ്ങള്‍ യുവജനങ്ങള്‍ക്കിടയില്‍ പഠിപ്പിക്കുകയും ഒപ്പം വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് യൂവജനങ്ങള്‍ എങ്ങനെ ക്രീയാത്മകമായി പ്രതികരിക്കണമെന്ന് പ്രവര്‍ത്തിപഥത്തിലൂടെ കാണിച്ചുകൊടുക്കാനുള്ള ധൈര്യം കാട്ടാന്‍ ഇദ്ദേഹത്തിന് സാധിച്ചു. സാധാരണക്കാരന്റെയും മണ്ണില്‍ പണിയെടുക്കുന്നവന്റെയും അവകാശസമരങ്ങള്‍ക്ക് മുന്‍ നിരയില്‍ നിന്ന് പോരാട്ടങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ സദാ വ്യാപൃതനായി. ഒപ്പം തന്നില്‍ അന്തര്‍ലീനമായിരിക്കുന്ന സര്‍ഗ്ഗവാസനകളെ ആശയ പ്രചചണത്തിനുള്ള ഉപാധിയാക്കി മാറ്റാനും ഒപ്പം അടിച്ചമര്‍ത്തപ്പെട്ടവന്റെ പോരാട്ട വീര്യങ്ങള്‍ക്ക് ശക്തി നല്‍കാനും ഇവ ഉപയോഗപ്പെടുത്താമെന്ന് സമൂഹത്തെ അനുഭവങ്ങളിലൂടെയും പ്രായോഗികതലത്തിലും പഠിപ്പിക്കുവാനും ഇദ്ദേഹത്തിന് സാധിച്ചു.
1973 കാലഘട്ടത്തില്‍ വെസ്റ്റ് എളേരി പഞ്ചായത്തിലെ വിജയാ തിയേറ്റേഴ്സില്‍ നിന്നാണ് കലാരംഗത്തെ ജൈത്രയാന്ത്രയ്ക്ക് നാന്ദികുറിച്ചത്. ഇക്കാലത്ത് പറവൂര്‍ ജോര്‍ജ്ജിന്റെ ദിവ്യബലി നാടകത്തിലാണ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജനങ്ങള്‍ ഇന്നും നെഞ്ചിലേറ്റുന്ന എന്നാല്‍ സമകാലിക ലോകത്ത് യുവജനോത്സവവേദികളിലേക്ക് മാത്രം ഒതുങ്ങിനിന്നുവോ എന്ന് നാം സംശയിക്കുന്ന കലയാണല്ലോ കഥാപ്രസംഗം. അക്കാലത്ത് ഉത്സവപറമ്പുകളിലും മറ്റ് ക്ലബ്ബ് വാര്‍ഷികങ്ങളിലും ഒഴിച്ചുകൂടാനാവത്ത ഒന്നായിരുന്നു പ്രസ്തുത കല. കെ.പി.എന്‍. ആക്കച്ചേരി എന്ന പേരില്‍ നിരവധി വേദികളില്‍ സാമൂഹ്യ പ്രസക്തിയുടെ കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ച് കാണികളുടെ മുക്തകഠമായ പ്രശംസനേടിയിരുന്നു ഈ അനുഗ്രഹീത കലാകാരന്‍. കഥകളിലൂടെയും ഉപകഥകളിലൂടെയും കടന്ന് പോകുമ്പോള്‍ അന്ന് നിലനിന്നിരുന്ന തെറ്റായ സാമൂഹ്യ വ്യവസ്ഥികള്‍ക്കെതിരെ പ്രതികരിക്കാനും കഥാപ്രസംഗകല ഉപയോഗപ്പെടുത്തി. അവതരിപ്പിക്കപ്പെട്ട കഥാപ്രസംഗങ്ങളില്‍ ഏറെ ശ്രദ്ധേയമായവ വടക്കന്‍ പാട്ടുകളിലെ കഥകള്‍ ആയിരുന്നു.
നാടക അഭിനയരംത്ത് എന്നപോലെ സംവിധാന രംഗത്തും തന്റെ കഴിവുകള്‍ പ്രകടമാക്കാന്‍ കെ.പി. നാരായണന്‍ ബെഡൂരിന് സാധിച്ചു. വര്‍ഷങ്ങളോളം വിവിധ പ്രൊഫഷണല്‍ അമേച്വര്‍ നാടകങ്ങളുടെ അരങ്ങത്തും ഒപ്പം അണിയറയിലും നിറസാന്നിധ്യമായി വര്‍ത്തിച്ചു. പഴപ്പോഴും നാടകസംഘങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ കലാ സംഭാവനയെന്നത് അവിഭാജ്യഘടകമായിരുന്നു. നിരവധി വേദികള്‍ പിന്നിട്ട പൊന്നിയം മൂന്നാള്‍ പോലുള്ള നാടകങ്ങള്‍ ഇന്നും പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. സംഗീത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് കൊണ്ട് തന്നെ എഴുതുന്ന ഗാനങ്ങള്‍ രാഗവും ഈണവും ഉഉള്ളവയായിരുന്നു.
മികച്ച സംഘടാകന്‍ കൂടിയ കെ.പി. നാരായണന്‍ വനത്തിലൂടെ ബെഡൂര്‍ കമ്പല്ലൂര്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ അമരത്ത് പ്രവര്‍ത്തിച്ചു. വനത്തിലൂടെയുള്ള റോഡ് നിര്‍മ്മാണത്തിന് നിരവധി നിയമത്തിന്റെ നൂലാ മാലകളിലൂടെ കടന്ന് പോകേണ്ടിവന്നു. കൂടാതെ കൂട്ടായ പരിശ്രമത്തിത്തിലൂടെ ഒട്ടനവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ നിരയില്‍ നിന്ന് നേടിയെടുക്കാന്‍ സാധിച്ചു. പെരുമ്പട്ടപാലം, മൗക്കോട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (ഇപ്പോള്‍ അത് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ആയി ഉയര്‍ന്നു) തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ഉദാഹരണങ്ങള്‍ മാത്രം.
1979-ലും 2008ലും എളേരി പഞ്ചായത്തിലേക്ക് മെമ്പര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. എന്നും വിശ്രമമില്ലാത്ത സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനം തന്നെയായിരുന്നു ഇദ്ദേഹത്തിന്റെത്. പുരോഗമന കലാ സാഹിത്യസംഘം കാസര്‍ഗോഡ് ജില്ലാ കമ്മറ്റി അംഗം, ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍, അതുപോലെ ഒരു ബ്ലോക്കിന് കീഴിലുള്ള സ്‌കാര്‍ഡ്-ന്റെ കണ്‍വീനര്‍ ആയും പ്രവര്‍ത്തിച്ചു. ഇതിലൂടെ നിരവധി നാടക ക്യാമ്പുകള്‍ സംഘടിപ്പിക്കുവാനും സാധിച്ചു. വര്‍ങ്ങളോളം വെസ്റ്റ് എളേരി സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. കൂടാതെ കേരഫെഡ് ബോര്‍ഡ് മെമ്പര്‍, കാസര്‍ഗോഡ് ജില്ലാ കണ്‍സ്യൂമര്‍ ഹോള്‍സെയില്‍ സ്റ്റോര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ പ്രസ്ഥാനം തന്നില്‍ ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും, കടമകളും മാതൃകപരമായി തന്നെ അദ്ദേഹം നിറവേറ്റികൊണ്ടിരുന്നു. ഇതിനെല്ലാം പുറമെ സര്‍ക്കാരിന്റെ സാക്ഷരതായജ്ഞ കാലഘട്ടത്തിലും നനിറസാന്നിദ്ധ്യമായി അദ്ദേഹം പ്രവര്‍ത്തിച്ചു.
കോവിഡ് കാലത്ത് എഴുത്ത് വായന എന്നിവ സജ്ജീവമായി തുടര്‍ന്നു. സംഗീത ആല്‍ബങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചതും ഇക്കാലത്തായിരുന്നു. ലക്ഷദ്വീപ് പ്രമേയമാക്കി നിര്‍മ്മിച്ച ആല്‍ബം സോഷ്യല്‍ മീഡിയകളില്‍ കൂടുതല്‍ ശ്രദ്ധേയമായി. ദ്വീപ് ജനതയുടെ ആത്മാവിനെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ എഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യവിഷ്‌കാരമാണ് കെ.പി. നാരായണന്‍ അണിയിച്ചൊരുക്കിയത്. പ്രതിരോധത്തിന്റെ മതിലുകള്‍ തീര്‍ത്തും പ്രതിഷേധത്തിന്റെ ജ്വാല പടര്‍ത്തിയതുമായിരുന്നു പ്രസ്തുത ആല്‍ബം. കൂടാതെ ഇദ്ദേഹത്തിന്റെ തുലിക തുമ്പില്‍ വിരിഞ്ഞ സ്നേഹം, അശാന്തിയുടെ നാളുകള്‍, നൊമ്പരപൂക്കള്‍, പ്രവേശനോത്സവം, ശ്രാവണപ്പുലരികള്‍, എന്റെ നാട്, സമര്‍പ്പണം എന്നിയും സഹൃദയ ലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയായിരുന്നു. ഇതില്‍ ലക്ഷദീപ് കാവ്യദൃശ്യത്തിന്റെ റിലീസ് മുന്‍ ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ ലൈന്‍ ആയി നിര്‍വ്വഹിച്ചിരുന്നു.
നിലവില്‍ പതിനാറിലധികം മ്യൂസിക് ആല്‍ബങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചുകഴിഞ്ഞു. ഗാന്ധിജിയെകുറിച്ചുള്ള വിശ്വപൗരന്‍ എന്ന ആല്‍ബം ഇപ്പോള്‍ പണിപ്പുരയിലാണ്. കൂടാതെ പ്രശസ്തമായ പല പരിപാടികള്‍ക്കും സ്വാഗതഗാനങ്ങള്‍ എഴുതിയതും ഇദ്ദേഹമാണ്.
നിരവധി അവാര്‍ഡുകളും ബഹുമതികളും കെ.പി.നാരായണന്‍ ബെഡൂരിനെ തേടിയെത്തിയിരുന്നു. കണ്ണൂര്‍ നാട്ട്യഗൃഹം അവാര്‍ഡ് ലഭിച്ചത് ഗാനരചനക്കായിരുന്നു. മാത്രമല്ല നിരവധി പ്രാദേശിക അവാര്‍ഡുകളും ഇദ്ദേഹത്തെ തേടി എത്തിയിരുന്നു. പുതയാര്‍ന്ന കാവ്യശൈലിയുടെ ഉടമകൂടിയാണ് നാരായണന്‍ ബെഡൂര്‍. വിവിധ ഘട്ടങ്ങളിലായി രചിക്കപ്പെട്ട കവിതകള്‍ സമാഹരിച്ച് ഒരു കവിതാ സമാഹാരത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍. ഏകമകള്‍ അധ്യാപികയായി ജോലിചെയ്യുന്നു. കലയും രാഷ്ട്രീയവും രണ്ടല്ല എന്നും എല്ലാം മനുഷ്യ നന്മയില്‍ ചേര്‍ത്ത് വയ്ക്കുമ്പോഴെ അത് പ്രകാശം പരത്തുന്നുള്ളൂ എന്നുമാണ് ഇദ്ദേഹത്തിന്റെ നിലപാട്.പെരുമ്പട്ട ഹൈസ്‌ക്കൂള്‍ ആക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.നാടിന്റെ വികസന പ്രവര്‍ത്തന രംഗത്ത് ഇന്നും സജീവമാണിദ്ദേഹം .നവംമ്പര്‍ ഒന്നിന് പുറത്തിറക്കിയ ” ലഹരി ‘ എന്ന ആല്‍ബം സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്.അറിയപ്പെടുന്ന ലഹരി വിരുദ്ധ പ്രചാരകര്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് ഈ ദൃശ്യ ശ്രാവ്യ അല്‍ബം .

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *