പി.വി. കുമാരന്‍ മൊനാച്ച

പി.വി. കുമാരന്‍ മൊനാച്ച

രുചിക്കുംതോറും ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം . വാച്യമായ അര്‍ത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അര്‍ത്ഥം വ്യക്തമാക്കുന്ന എന്ന ധര്‍മ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന് ഊന്നല്‍ നല്‍കുന്നവയാണ് കവിതകള്‍. ആസര്‍ഗാത്മക സൃഷ്ടിയില്‍ ഒന്നാണ് കവിത. കവിതയ്ക്ക് ഏറ്റവും നല്ല വിശേഷണം കൊടുത്തത് വേര്‍ദ്‌സ്വോര്‍ത്ത് ആണല്ലോ?. തനി ഗ്രാമീണതയുടെ നിഷ്‌കളങ്കതയില്‍ പച്ചയായ ജീവിതാനുഭവങ്ങളില്‍ നിന്നും സാമൂഹ്യപരമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കവിതയുടെ നിര്‍വ്വചനങ്ങളില്‍ നിന്ന് വേര്‍പെട്ടുപൊകാതെ കാവ്യരചന നടത്തുന്ന ഈ കവി പി.വി.കുമാരന്‍ മൊനാച്ച 1995 ല്‍ രചിച്ച ഹര്‍ത്താല്‍ എന്ന കവിതയ്ക്കാണ് ആദ്യമായി അച്ചടി മഷിപുരണ്ടത്. അക്കാലത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ രാഷ്ട്രീയകക്ഷികള്‍ മത്സരിച്ച് ഹര്‍ത്താല്‍ അഘോഷിച്ചപ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തന്റെ പ്രതിഷേധം കാവ്യരൂപത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേശവജി വായനശാല മൂന്നാം മൈയില്‍ പുറത്തറക്കിയ സ്മരണികയിലാണ് ഹര്‍ത്താലിന്റെ ദുരിതം വിളിച്ചോതുന്ന ശ്രദ്ധേയമായ കവിത പ്രസിദ്ധപ്പെടുത്തിയത്.
കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തില്‍ മൊനാച്ചഗ്രാമത്തില്‍ പെയടത്ത് അറിയപ്പെടുന്ന കൃഷിക്കാരനായ പുതുക്കൈ പെരിയടത്ത് കുഞ്ഞമ്പുവിന്റെയും പൂച്ചക്കാടന്‍ വീട്ടില്‍ ചോയിച്ചിയമ്മയുടെയും ഏഴ് മക്കളില്‍ മൂന്നാമനായി ജനിച്ചു. അരയി ജി.എല്‍.പി. സ്‌കൂള്‍, മടിക്കൈ യൂ.പി.സ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കാഞ്ഞങ്ങാട് ഹൈസ്‌കൂളിലേക്കുള്ള വഴി മനോഹരമായ അരയിപ്പുഴക്കരികിലൂടെയായിരുന്നു. ഈ മനോഹാരിത വര്‍ണ്ണിച്ച് തനി ഗ്രാമീണതയുടെ നിഷ്‌കളങ്കതില്‍ ചാലിച്ച് പി.വി. കുമാരന്‍ മൊനാച്ചയുടെ ആദ്യകവിത പിറവിയെടുത്തു. പഠനകാലത്ത് തന്നെ വായനശാലകള്‍ സന്ദര്‍ശിച്ച് പ്രധാനപ്പെട്ട എല്ലാ എഴുത്തുകാരുടെയും പുസ്തകങ്ങള്‍ വായിക്കാനും അവയുടെ ആസ്വാദന തലത്തില്‍ എത്തുവാനും ഈ സാഹിത്യകാരന് സാധിച്ചു. കുമാരനാശന്റെ കാവ്യങ്ങളിലാണ് ഏറെ ആകൃഷ്ടനായതെങ്കിലും, തകഴി, എം.ടി. വാസുദേവന്‍നായര്‍ തുടങ്ങിയവരുടെ കൃതികളും ഇദ്ദേഹം വായിക്കാനും മനസ്സിലാക്കാനും സമയം കണ്ടെത്തി.
ഹൈസ്‌കൂള്‍ വിദ്യാഭ്യസത്തിന് ശേഷം ബീഡിതൊഴിലാളിയായും, കല്ല്‌വെട്ട് തൊഴിലാളിയായും, കൃഷിക്കാരനായും ഒക്കെ ജീവിതം മുമ്പോട്ട് കൊണ്ടുപോകുമ്പോഴും വായനക്ക് സമയം കണ്ടെത്തിയിരുന്നു. കൂടാതെ സമൂഹ്യ പ്രവര്‍ത്തനരംഗത്തും സക്രിയ സാന്നിദ്ധയമായിരുന്നു പി.വി.കുമാരന്‍ മൊനാച്ച. എപ്പോഴും ഒരു ഇടതുപക്ഷ സഹയാത്രികനായിരുന്നു ഈ എഴുത്തുകാരന്‍. കാര്‍ത്തിക നിത്യാനന്ദകലാകേന്ദ്രത്തിന്റെ ഭാരവാഹിയായി ഒരു പാട് കാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
വാമൊഴിയായി പിതാവില്‍ നിന്നും സംസ്‌കൃതം അര്‍ത്ഥം സഹിതം പഠിക്കാന്‍ കഴിഞ്ഞത് പില്‍ക്കാല സാഹിത്യയാത്രയില്‍ ഇദ്ദേഹത്തിന് മുതല്‍ക്കൂട്ടായി. പ്രിയദര്‍ശിനി കൈയ്യെഴുത്തുമാസികയിലാണ് ആദ്യമായി എഴുതിയത്. കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുളുനാട് പബ്ലിക്കേഷന്റെ സംയുക്ത കവിതാ സമാഹരമായ കാവ്യദേവതയെ തിരയുമ്പോള്‍ എന്ന കാവ്യസമാഹാരത്തില്‍ പ്രസിദ്ധപ്പെടുത്തിയ പൊന്‍പ്രഭാതം, പൂര്‍ണ്ണേന്ദു, പൊന്നോണം തുടങ്ങിയ കവിതകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
നല്ലൊരു അഭിനേതാവ് കൂടിയായിരുന്ന പി.വി.കുമാരന്‍ 1982 ല്‍ യുഗേ..യുഗേ എന്ന നാടകത്തിന്റെ ഓര്‍മ്മകള്‍ ഇന്നും അയവിറക്കുന്നു. ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പി.എന്‍. പണിക്കന്‍ ഗ്രന്ഥവേദി മൊനാച്ച, മൊനാച്ച ഭഗവതിക്ഷേത്രം ഭാരവാഹി, യാദവസഭ, മടിയന്‍ പൂച്ചക്കാട് തറവാട് പ്രസിഡണ്ട് തുടങ്ങിയവയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഇവയില്‍ പലതിന്റെയും ഭാരവാഹിയായും പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുമുണ്ട്.
1987 മുതല്‍ കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരനായി സേവനം അനുഷ്ഠിക്കുമ്പോള്‍ എഴുത്തും, വായനയും കൈവിടാതെ സൂക്ഷിച്ചു. 1992 മുതല്‍ കേരളസര്‍ക്കാന്‍ റവന്യൂ വകുപ്പില്‍ വില്ലേജ്മാന്‍ ആയി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ചെയിന്‍ സര്‍വ്വേ പൂര്‍ത്തിയാക്കി. കാസര്‍ഗോഡ് ജില്ലയിലെ വിവിധ വില്ലേജുകളില്‍ സേവനം അനുഷ്ഠിച്ചു. 2012 ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ശേഷം മുഴുന്‍ സമയവും സാംസ്‌കാരിക പ്രവര്‍ത്തനത്തിലും സാഹിത്യ പ്രവര്‍ത്തനത്തിലും വ്യാപൃതനായി. എപ്പോഴും കവിതയ്ക്ക് നിദാനം ആനുകാലിക സംഭവങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും തന്നെയായിരുന്നു. സര്‍വ്വീസില്‍ നിന്ന് പിരിയുമ്പോള്‍ ഒരു എഴുതിയ ഒരു വിലാപം എന്ന കവിത ഏറെ ശ്രദ്ധേയമായിരുന്നു. സര്‍വ്വീസിലിരിക്കെ പ്രമോഷന്‍ കിട്ടാത്തതിന്റെ ആത്മസംഘര്‍ഷത്തിനും ഇദ്ദേഹം കാവ്യഭാഷ്യം നല്‍കിയിരുന്നു. റവന്യൂജീവനക്കാരുടെ മുഖപത്രമായ ഭരണയന്ത്രത്തില്‍ അക്കാലത്ത് കവിതകള്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു. അച്ചടിമഷി പുരളാത്ത നിരവധി കവിതകള്‍ ഇപ്പോഴും വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. സമന്വയം കാസര്‍ഗോഡിന്റെ പരിപാടിക്ക് 2004 ല്‍ തനിയെ കവിത എഴുതി. വിഷയം തത്സമയം നല്‍കിയതായിരുന്നു. പ്രാസം ഒപ്പിച്ചുള്ള കവിതകള്‍ പി.വി. കുമാരന്റെ ഒരു പ്രതേ്യകതയായി എല്ലാവരും എടുത്തു പറയുന്നു. ബി.എല്‍.ഓഫീസര്‍ ആയും സേവനം നടത്തിയിരുന്നു. കൂടാതെ ഇപ്പോള്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റായും, ഫീല്‍ഡ് സര്‍വ്വേയര്‍ ആയും ജോലിനോക്കുന്നുണ്ട്. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്ന കാഞ്ഞങ്ങാട് വനിതാ സര്‍വ്വീസ് സൊസൈറ്റി കലക്ഷന്‍ ഏജന്റ് ആയി വഥക്ക് ചെയ്യുന്ന യമുനയാണ് ഭാര്യ. മക്കള്‍ ഹരീഷ്,

ഹരിശ്രീ.
പി.വി. കുമാരന്‍ മൊനാച്ച
മൊനാച്ച
മടിക്കൈ
കാസര്‍ഗോഡ് ജില്ല-
ഫോണ്‍:- 9400886393

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *