ജബ്ബാര്‍ പി.പി

ജബ്ബാര്‍ പി.പി

അവിഭക്ത കണ്ണൂര്‍ ജില്ലയിലെ ചെറുവത്തൂരില്‍ പരേതനായ മാടാപ്പുറം ഇമ്പിച്ചിയുടെയും തൃക്കരിപ്പൂര്‍ ആയിറ്റി കുപ്പുരയില്‍ മൊയിലാക്കിരിയത്ത് പടന്നക്കാരന്‍ പടിഞ്ഞാറെ പുരയില്‍ നഫീസയുടെയും മകനായി തൃക്കരിപ്പൂര്‍ ആയിറ്റിയിലാണ് ഈ സാഹിതേ്യാപാകസന്റെ ജനനം.
ചിറകറ്റ് വീഴുന്ന മഞ്ഞ് കണികകള്‍ പോലെ മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്നും ലോകത്തിന്റെ കണ്‍മുന്നിലേക്ക് ഉദിക്കുന്ന വാക്കുകള്‍ക്ക് ഊര്‍ജ്ജപ്രസരണമേകാന്‍ കെല്പ്പ് നല്‍കിയ കാടങ്കോട് ഗവ: ഫിഷറീസ് ഹൈസ്‌കൂള്‍ 1972 ല്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ക്ലാസ്സ് മാസ്റ്ററും മലയാളം അധ്യാപകനുമായ പരേതനായ പണ്ഡിറ്റ് നാരായണ കുറുപ്പ് മാഷ് പി.പി. ജബ്ബാറിലെ സാഹിത്യാഭിരുചി കണ്ടെത്തിയത്. മാഷ് ചോദിച്ച ഏതോ ഒരു ചോദ്യം. അതിന് പ്രാസഭംഗിയോടെ ചിതലില്‍ ചിലത് എന്ന് എഴുതിയപ്പോള്‍. ആ ഗുരുനാഥന്‍ ജബ്ബാറിനോട് സ്‌നേഹം മുഴുവന്‍ വാക്കുകളാക്കി ഉപദേശരൂപത്തില്‍ പറഞ്ഞു. വായിക്കണം മനസ്സിലെ ആശയങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് വരച്ച് വെക്കാനുള്ള ഉപാധിയാണ് വായന. ഹൃദയത്തില്‍ തട്ടിയുള്ള ഈ വാക്കുകള്‍ ജബ്ബാറിന്റെ കുഞ്ഞുമനസ്സിന്റെ ഹൃദയത്തില്‍ ചാലിച്ചു. പിന്നീട് അദ്ദേഹത്തിന്റെ യാത്ര അനേകായിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് നല്‍കിയ സ്വദേശത്തുള്ള ജയ്ഹിന്ദ് വായനശാലയിലേക്കായിരുന്നു. വരിക്കാരനായി ഇഷ്ടവിഷയമായ അപസര്‍പ്പക കഥകള്‍ മുതല്‍ എല്ലാം ഈ വിജ്ഞാനദാഹി വാരിവലിച്ച് വായിച്ചു. വായനയുടെ ചൂരും ചൂടും അറിഞ്ഞ് മഴയെകാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ പെയ്തിറങ്ങിയ അക്ഷരങ്ങള്‍, മനസ്സിന്റെ ഏതോ കോണില്‍നിന്നും താളലയ നിബിഢമായ ഒരു കൊച്ചു കവിത പെയ്തിറങ്ങി.. അതായിരുന്നു നിഴല്‍….
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ഈ കവിതയില്‍ ഒതുങ്ങി കവിതാരചന. അതെപ്പോഴോ ചെറുകഥയിലേക്കും, ലേഖനങ്ങളിലേക്കും വഴിമാറി. വാരാന്ത്യങ്ങളിലെ സാഹിത്യ സമാജങ്ങള്‍ സര്‍ഗ്ഗാത്മഗതയുടെ കളരിയായി മാറി.
എട്ടാം തരത്തില്‍ പഠിക്കുമ്പോഴാണ് സ്‌കൂള്‍ യുവജനോത്സവത്തില്‍ അശോകന്റെ പശ്ചാത്താപം- എന്ന ഏകാങ്ക നാടകത്തില്‍ അശോക ചക്രവര്‍ത്തിയായി വേഷമിട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഒമ്പതാം ക്ലാസ്സിലായിരിക്കുമ്പോള്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ യുവജനോത്സവം പയ്യന്നൂര്‍ ബോയ് ഹൈസ്‌കൂളില്‍ വെച്ച് നടന്നു. സ്‌കൂളിനെ പ്രതിനിധീകരിച്ച് നടത്തിയ ദാഹം- എന്ന നാടകത്തില്‍ മികച്ച നടനുള്ള സമ്മാനം ലഭിച്ചത് ജബ്ബാറിനാണ്. സ്‌കൂളില്‍ നിന്നും ബാംഗ്ലൂര്‍-മൈസൂര്‍ വിനോദ യാത്രയില്‍, മൈസൂരില്‍ വച്ച് തങ്ങളുടെ വാഹനത്ത് സമിപം എത്തിയ ഒരു നാടോടി ഗായകന്‍ ചിരട്ടയില്‍ ശ്രുതികമ്പിയും കൊണ്ട് ഉണ്ടാക്കിയ വയലിനില്‍ സ്വരമാധുരിയൂടെ വയലിന്‍ മീട്ടുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഏറെ കൗതുകത്തോടെ ഒന്ന് വാങ്ങി നാട്ടിലേക്ക് വന്നു. യാത്രമദ്ധ്യേ തന്ത്രികളില്‍ പലവുരു മീട്ടാന്‍ ശ്രമിച്ചുവെങ്കില്‍ അപശ്രുതി കാരണം പരാജയമായിരുന്നു. ഹൃദയത്തില്‍ അങ്കുരിച്ചിരുന്ന സംഗീത സപര്യ. സംഗീതം പഠിക്കാനുള്ള മോഹവുമായി ആദ്യം വാങ്ങിയ സംഗീതോപകരണമായ ബുള്‍ബുളുമായി ഒടുങ്ങാത്ത സംഗീത മോഹവുമായി ചെന്നെത്തിയത് ഒരു സിംഹ മടയിലായിരുന്നു. പൊള്ളയില്‍ താമസിച്ചിരുന്ന പ്രശസ്ത തെയ്യം കലാകാരനും സംഗീതജ്ഞനും, സകല കലാവല്ലഭനുമായ കണ്ണന്‍ പണിക്കരായിരുന്നു ആദ്യഗുരു. പണിക്കരാശന്റെ അടുത്ത് അയഞ്ഞ ഖദര്‍ ജുബ്ബയും നീണ്ട തലമുടിയുമായി ഒരു ഭാഗവതര്‍ ഭാവത്തോടെ സ്‌കൂള്‍ വിട്ടയുടന്‍ ബുള്‍ ബുളുമായി എത്തുമായിരുന്നു.
ഗുരുമുഖത്ത് നിന്നും സപ്തസ്വരങ്ങളില്‍ തുടങ്ങി കുറെയധികം കീര്‍ത്തനങ്ങള്‍ ഹൃദിസ്ഥമാക്കി എഴുപത്തി രണ്ട് മേളകള്‍ താരാരാഗങ്ങളില്‍ പതിനാലാമത്തെ രാഗമായ വഗുളാഭരണം സ്വായത്തമാക്കിയത് വഴി മിക്ക മാപ്പിളപ്പാട്ട് ഈണങ്ങളും ഹൃദിസ്ഥമാക്കാന്‍ കഴിഞ്ഞു. തോഡി, മോഹനം, മേഘമല്‍ഹര്‍ തുടങ്ങി ഒട്ടുമിക്ക രാഗങ്ങളും ഗുരുമുഖത്ത് നിന്നും പഠിക്കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചു. സംഗീത മഭി സാഹിത്യം എന്ന അദ്ദേഹത്തിന്റെ ആപ്തവാക്യം ഇന്നും കര്‍ണ്ണപടങ്ങളില്‍ മുഴങ്ങുന്നതായി ജബ്ബാറിന് അനുഭവപ്പെടുന്നു. അക്കാലത്ത് ഹിന്ദിപാട്ടുകളില്‍ മാത്രം ഉപയോഗിച്ചിരുന്ന ബുള്‍ ബുളില്‍ തമ്പ്രാന്‍ തൊട്ടെടുത്തും… കായലരികത്തും.. വായിച്ച് ഗുരുവിന്റെ അഭിന്ദനത്തിന് അര്‍ഹനായി. സ്‌കൂള്‍ കലോത്സവങ്ങളില്‍ ഉപകരണ സംഗീതത്തില്‍ സമ്മാനങ്ങള്‍ നേടി. ഒടുങ്ങാത്ത സംഗീതാഭിനിവേശം ഒരു ഹാര്‍മോണിയം സ്വന്തമാക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചു. ആ ഇടയ്ക്ക് കാടങ്ങോട് ഉയര്‍ന്ന് വന്ന കോസ്‌മോസ് ക്ലബ്ബില്‍ ഇടംപിടിച്ചു.അങ്ങിനെ എന്റെ ഹാര്‍മോണിയം ക്ലബ്ബില്‍ ഇടം പിടിച്ചു. ഗുരു കണ്ണനാശന്റെ ശിക്ഷണത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. പല രാവുകളും സംഗീത സാന്ദ്രമാക്കി മാറ്റി. കര്‍ണ്ണാട്ടിക് സംഗീതപഠനങ്ങള്‍ക്കിടയിലെപ്പോഴോ ആണ് പഴയങ്ങാടി സ്വദേശിയും മത്സ്യമൊത്ത വ്യാപാരിയും ആയിരുന്ന ഹിന്ദുസ്ഥാനി സംഗീജ്ഞന്‍ അലീക്കയുടെ വരവ് ഹിന്ദുസ്ഥാനി രാഗങ്ങള്‍ ക്ലബ്ബ് രാവുകളെ ഖരാനകളുടെ രാഗതാളങ്ങളാക്കി മാറ്റി. എന്നിട്ടരിശം തീരാതെ… എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് പോലെ സംഗീതാനുരാഗം പുതിയ തലത്തിലേക്ക് നീക്കി. സംഗീത സമ്രാട്ട് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സര്‍ഗ്ഗം ഓര്‍ക്കസ്ട്രയിലേക്ക് ജബ്ബാറിനെ എത്തിച്ചു. ഞായറാഴ്ചകളിലെ ക്ലാസ്സുകള്‍ യാത്ര ദൈര്‍ഘ്യം കാരണം കുറച്ച് കാലത്തിന് ശേഷം ഒഴിവാക്കി പിന്നീട് നാടക നടനും സംഗീതജ്ഞനുമായിരുന്ന തൃക്കരിപ്പൂര്‍ ചന്ദ്രന്റെ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹത്തിന്റെ വസതിയില്‍ സംഗീത പഠനം തുടര്‍ന്നു. യാഥാസ്തികത ചുറ്റുപാടില്‍ മുസ്ലിം സമുദായത്തില്‍ നിന്നും ഒരു കുട്ടി സംഗീത പഠനത്തെ സ്വയം വരിച്ചു എന്നുള്ളത് തന്നെ ആ കാലഘട്ടത്തില്‍ അത്ഭുതം ഉളവാക്കുന്നതായിരുന്നു. കാലത്തിന്റെ കുത്തുഒഴുക്കില്‍ ആ കാലഘട്ടത്തിന്റെ പ്രതേ്യകതയായിരുന്ന ഗല്‍ഫ് എന്ന മോഹവുമായി കടല്‍ കടന്നപ്പോള്‍ ഏറെ കഷ്ടപ്പെട്ട് നേടിയ സംഗീത സപര്യയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. പക്ഷേ അവിടുത്തെ ഏകാന്തതയുടെ തടവറയില്‍ പഴയ സാഹിതേ്യാത്സുകതയ്ക്ക് ചിറകണിഞ്ഞു. ആനുകാലികങ്ങളില്‍ തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടപ്പോള്‍ എന്തെന്നില്ലാത്ത ആവേശമായിരുന്നു. പതിനൊന്ന് വര്‍ഷത്തെ വനവാസത്തിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തി സാംസ്‌കാരിക സംഘടനയുടെ ഭാഗമാകാന്‍ കഴിഞ്ഞതോടെ ആനുകാലികങ്ങളിലും സോവനിറുകളിലും കഥകളും ലേഖനങ്ങളും എഴുതി തുടങ്ങി. ഈ കാലയളവിനിടയില്‍ നാല് പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. വ്യാപാരി (ചെറുകഥാ സമാഹാരം) മാര്‍ക്കോവയുടെ വേദനകള്‍ (ചെറുകഥാ സമാഹാരം) ന്റെ മാടായിനഗരേ (ചരിത്ര ലേഖന സമാഹാരം) സലാമത്ത് ദാത്താങ്ങ് കെ മലേഷ്യ (മലേഷ്യന്‍ യാത്രാ വിവരണം) സമദര്‍ശിനി ക്രിയേഷന്റെ ബാനറില്‍ (മൈത്രി എന്ന പേരില്‍ ചെയ്ത ഡോക്യൂഫിഷന്‍) ശ്രീ.എം. കുഞ്ഞിരാമന്‍ എം.എല്‍.എ ആണ് അതിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.
ഇതിനിടയില്‍ നിരവധി അവാര്‍ഡുകളും ബഹുമതികളും ഈ സാഹിത്യകാരനെ തേടിയെത്തി. കാഞ്ഞങ്ങാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തുളുനാട് മാസികയുടെ യുവകഥാകൃത്തിനുള്ള അവാര്‍ഡ്, മദ്രാസ് നായര്‍ സമാജം അവാര്‍ഡ്, തിരുവന്തപുരം ഫോര്‍ത്ത് എസ്റ്റേറ്റ് പുരസ്‌കാരം, മാക്കാവോയുടെ വേദനകള്‍ എന്ന ചെറുകഥയ്ക്ക് യുവകലാ സാഹിതി സംസ്ഥാനതലപുരസ്‌കാരം, കാലചക്രം എന്ന കഥയ്ക്ക് പട്ടികജാതി ക്ഷേമ സമിതിയുടെ സംസ്ഥാന തല പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കാടങ്കോടിന്റെ കാവല്‍ കോട്ടകളായ ശ്രീ നെല്ലിക്കാല്‍ തുരുത്തി ഭഗവതി ക്ഷേത്രത്തിന്റെയും കോട്ടപ്പള്ളി മഖാമിന്റെയും നിഴലില്‍ അനേകായിരങ്ങള്‍ വിദ്യ പകര്‍ന്ന് നല്‍കിയ കാടങ്കോഷ് ഗവ: ഫിഷറീസ് ഹൈസ്‌കൂള്‍ ഇദ്ദേഹത്തിന്റെ കലാ സാഹിത്യ അഭിരുചിക്ക് തണലേകാന്‍ എല്ലാ പ്രോത്സാഹനങ്ങളും സഹകരണങ്ങളും നല്‍കുന്ന ഹസീന സീതിരകത്ത് ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍ റാമീസ് ജഹാസ്, ഡോ: റോഷ്‌ന ജഹാന്‍.

ബ്ബാര്‍ ചെറുവത്തൂര്‍
റസ്‌ന
വടക്കേകൊവ്വല്‍
തൃക്കരിപ്പൂര്‍ (പി ഒ )
കാസറഗോഡ് (ജില്ല )
പിന്‍ :671310
മൊബൈല്‍ :8075111080
വാട്ട്‌സപ്പ് :9744111398

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *