ഓരോ ജന്മവും ഓരോ നിയോഗമാണ്. ഈ നിയോഗത്തിന്റെ സാക്ഷാത്കാരത്തിനുള്ള വെമ്പലിലാണ് മലബാറിലെ സാമൂഹ്യ- സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ ടി.യം എന്ന രണ്ടക്ഷര ത്തിലറിയപ്പെടുന്ന ഡോ: തെക്കിലെ മഠത്തില്‍ സുരേന്ദ്രനാഥ്. തന്റെ കര്‍മ്മമണ്ഡലം ഏതാണെന്നും എന്താണെന്നും സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ മനസ്സിലുറപ്പിച്ച് വിധിയോട് പടപൊരുതി കാലം തന്നിലര്‍പ്പിച്ച ചരിത്ര ദൗത്യവുമായി വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് തീര്‍ത്തും ക്രീയാത്മകമായ പ്രതികരണവുമായി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധവും, പ്രസ്തുത ബന്ധത്തിന് കോട്ടം തട്ടുമ്പോഴുണ്ടാകുന്ന പ്രകൃതിയുടെ തിരിച്ചടിയുടെ മുന്നറിയിപ്പ് പുതുതലമുറയെ ഓര്‍മപ്പെടുത്തി ഒറ്റയാള്‍ വിപ്ലവവുമായി മുന്നേറ്റം തുടരുകയാണിദ്ദേഹം. വിവിധ മേഖലകളില്‍പ്പെട്ട ആയിരക്കണക്കിന് ശിഷ്യസമ്പത്തുക്കളുടെ ഉടമയായ ടി.യം 2015 മെയ് മാസം 31 ന് തന്റെ ഔദ്ദ്യോഗിക ജീവിതമായ അധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയം സാമൂഹ്യസേവനത്തില്‍ വ്യാപൃതനായിരിക്കുകയാണ്. മഹാത്മജിയുടെ വാക്കുകള്‍ ഓരോന്നും ഹൃദയത്തില്‍ സൂക്ഷിച്ച് അവ ഓരോന്നും തന്റെ പ്രവര്‍ത്തി പഥത്തില്‍ എത്തിക്കാന്‍ വെമ്പല്‍ കൊള്ളുകയാണ് ഈ പ്രകൃതിസ്നേഹിയായ മനുഷ്യന്.
1959 മെയ് 28 ന് കണ്ണൂര്‍ ജില്ലയില്‍ തെക്കേമഠത്തില്‍ കൃഷ്ണപുരത്ത് വിഷ്ണുനമ്പീശന്റെയും തെക്കിലെ മഠത്തില്‍ ശാരദാമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ച സുരേന്ദ്രനാ ഥിന്റെ കുട്ടിക്കാലം ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവിലായിരുന്നു. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ചതുമുതല്‍ നല്ലൊരു വായനക്കാരനായി മാറി. മാതാവ് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങളെടുക്കാന്‍ സുരേന്ദ്രനെ അയക്കുകയായിരുന്നു പതിവ് ഇതിലൂടെ പുസ്തകങ്ങളുമായി ഉണ്ടായ അഭേദ്യമായ ബന്ധം അദ്ദേഹത്തിന്റെ പരന്ന വായനയ്ക്ക് പ്രചോദനമായി. മാതാവില്‍ നിന്ന് പകര്‍ന്ന് കിട്ടിയ വായനാശീലം ഇന്നും തുടരുന്നു. ജി.എച്ച്.എസ്. മാത്തില്‍ പയ്യന്നൂര്‍കോളേജ്, കാഞ്ഞങ്ങാട് നെഹ്റുകോളേജ്, ഗവ: വിക്ടോറിയ കോളേജ് പാലക്കാട് തുടങ്ങിയവയില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാരതീയ യുണിവേഴ്സിറ്റി കൊയമ്പത്തൂരില് നിന്ന് എംഫില്ലും കണ്ണൂര്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി.യും എടുത്തു. ദീര്‍ഘകാലം കാഞ്ഞങ്ങാട് നെഹ്റുകോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനായും തലവനായും പ്രവര്‍ത്തിച്ചു. ഇക്കാല മെത്രയും അധ്യാപനത്തോടൊപ്പാം വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നേതൃപാടവും സാമൂഹ്യസേവന തത്പരതയും വളര്‍ത്തിയെടു ക്കുന്നതിലും ശ്രദ്ധാലുവായിരുന്നു സുരേന്ദ്രനാഥ്. വിവിധ യുണിവേഴ്സിറ്റികളില്‍ പരീക്ഷാബോര്‍ഡ് ചെയര്‍മാനായും ഒരുപാട് കാലം ഇദ്ദേഹം സേവനമനുഷ്ഠിച്ചു.
സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ അസാമാന്യമായ നേതൃപാട വവും സംഘടനാവൈഭവവും ഇദ്ദേഹത്തെ മറ്റുകുട്ടികളില്‍ നിന്ന് വ്യത്യസ്തനാക്കി. മലയാളത്തിലെയും ഇംഗ്ലീഷിലെ ആയിരക്കണ ക്കിന് പുസ്തകങ്ങളിലെ അറിവുകള്‍ സ്വായത്തമാക്കി. ഇന്നും തുടര്‍ന്നുപോകുന്ന പ്രസംഗങ്ങള്‍ക്കും, വേദികളില്‍ നിന്ന് വേദികളിലേക്കുള്ള പ്രഭാഷണങ്ങള്‍ക്കും ഇത് ഏറെ സഹായകമായന്ന് ഇദ്ദേഹം സ്വാഭിമാനം സ്മരിക്കുന്നു. മഹാത്മജിയെ കുറിച്ചള്ള ഒട്ടുമിക്ക ലേഖനങ്ങളും പുസ്തകങ്ങള്ക്കുമുപരി ഗാന്ധിജിയുടെ നിരവധി കൃതികളും ടി.യമ്മിന്റെ അമൂല്യമായ ഗ്രന്ഥശേഖരത്തിലുണ്ട്. വിവിധരാജ്യങ്ങളിലെ സ്റ്റാമ്പ് ശേഖരണവും, നാണയങ്ങളുടെ ശേഖരണവും ഹോബിയായി ഇന്നും തുടര്‍ന്ന് പോരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുന്ന യുവതലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തി ക്കാനുള്ള സന്ധിയില്ലാസമരത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ചിത്രപ്രദര്‍ശനവും പോസ്റ്റര്‍ പ്രചരണവും ഏറെ ജനശ്രദ്ധയാകര്‍ഷിച്ചതും മാതൃകാപരവുമായ ഒരു പ്രവര്‍ത്തനവും അതിലേറെ മാധ്യമ ശ്രദ്ധയാകര്‍ഷിച്ചതുമായ സംഭവങ്ങളായിരുന്നു.
തീര്‍ത്തും വ്യത്യസ്തവും ഒപ്പം പുതിയ തലമുറയ്ക്ക് മാതൃകാപര വുമായ ജീവിതരീതി കൈമുതലാക്കിയ ടി.യം. ഇന്നും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉറക്കമുണര്‍ന്ന് ധ്യാനം, യോഗ എന്നിവ ജീവതരീതിതന്നെയാക്കിരിക്കുകയാണ്. പിന്നീടാണ് വായനയ്ക്കും എഴുത്തിനുമുള്ള സമയം കണ്ടെത്തുന്നത്. പ്രഭാതമായാല് തന്റെ പണിയായുധങ്ങളുമായി കൃഷിസ്ഥലത്ത് എത്തുന്നു. കാലം തന്നിലേല്‍പ്പിച്ച ദൗത്യം എന്നോ ണം തീര്‍ത്തും പ്രകൃതി രീതിയിലുള്ള കൃഷിയാണ് ചെയ്യുന്നത്. തുടര്‍ന്നുള്ള യാത്രയില്‍ പാതയോര ത്തും തരിശായ കിടക്കുന്ന സ്ഥലങ്ങളിലും വൃക്ഷതൈകളും, പൂച്ചെടികളും ഒപ്പം ഔഷധ ച്ചെടികളും വച്ചുപിടിപ്പിക്കുന്നു മുമ്പ് വച്ചുപിടിപ്പിച്ചവയുടെ സംരക്ഷണവും ഏറ്റെടു ക്കുന്നു. കണ്ണൂര്‍ ജില്ലയിലെ മാത്തില്‍ സ്വന്തമായ സ്ഥലത്ത് നിര്‍മ്മിച്ചെടുത്ത വനത്തില്‍ അമൂല്ല്യ മായ ഔഷധച്ചെടികളുടെ ശേഖരവും ടി.യമ്മിനുണ്ട്. ബോണ്‍സായി ചെടികളുടെ ശേഖരത്തിന്റെ ഉടമകൂടിയാണിദ്ദേഹം.ലോക ത്തിലെ തന്നെ അത്യപൂര്‍വ്വമായതും വര്‍ഷങ്ങള്‍ പഴക്കമുള്ളതുമായ പല ബോണ്‍സായി വൃക്ഷങ്ങ ളും ടി.എമ്മിന്റെ ശേഖരത്തിലുണ്ട്. ഇപ്പോഴും എഴുത്തിന്റെ ലോകത്തും ടി.യം സജ്ജീവമാണ്.
കാസര്‍ഗോഡ് ജില്ലയില്‍ പെയ്തിറങ്ങിയ മഹാവിപത്തായ എന്റോസള്ഫാന് വിരുദ്ധമുന്നണിയില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ച് എന്റൊസള്ഫാന്വിരുദ്ധസമരങ്ങള്ക്കും നേതൃത്വം നല്കുവാന് മുന്നിട്ടിറങ്ങി കൂടാതെ എന്റോ സള്ഫാന് ഇരകളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസപ്രവര്‍ത്തനത്തിലും സദാ വ്യാപൃതനുമാണ് അദ്ദേഹം. അവിഭക്തകണ്ണൂര് ജില്ലയെ പ്രതിനിധീകരിച്ച് യൂണിയന് കാര്‍ബൈഡ് ദുരന്തം വിതച്ച ഭോപ്പാലിലേക്ക് പോവുകയും അവിടുത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.
ഗാന്ധിയന്‍ ജീവിത രീതിയുമായി മുന്നോട്ട് പോകുന്ന ഇദ്ദേഹം ഇന്നും ഏത് യാത്രയിലായായും ഖദര്വസ്ത്രങ്ങള് മാത്രമേ ഉപയോഗിക്കുകയുള്ളു. ഖാദിവസ്ത്രങ്ങളുടെ നല്ലൊരു പ്രചാരകന് കൂടിയാണ് സര്‍വ്വോദയമണ്ഡലം പ്രവര്ത്തകന് കൂടിയായ ടി.യം. 1984ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനത്തിലൂടെ നിരവധി സാമൂഹ്യസേവന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ പരിസ്ഥിതി സമിതി ഉള്‍പ്പെടെയുള്ള നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ അമരക്കാരനായ ടി.എം. അഖിലകേരള ബാലജനസഖ്യത്തിന്റെ രക്ഷാധികാരിയായി ഇന്നും തുടരുന്നു. നിരക്ഷരരായ നിരവധി പേരെ അക്ഷരത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാനും, സാമ്പത്തിക പരാധീനതകള്‍ കൊണ്ടു പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന കുട്ടികളെ കണ്ടെത്തി അവരെ ആവശ്യമായ വിദ്യാഭ്യാസം നല്കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനവും അദ്ദേഹം നടത്തിവരുന്നു.
വിശ്രമമില്ലാത്ത ഈ ജീവിതത്തിനിടയിലും ടി.യമ്മിനെ നിരവധി പുസ്കാരങ്ങള്‍ തേടിയെത്തി. വിദ്യാഭ്യാരംഗത്തിന് നല്കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് തുളുനാട് മാസികയുടെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള പുരസ്കാരം, സാക്ഷരതാരംഗത്തെ മികച്ചസേവനത്തിന് കാന്‍ഫെഡിന്റെ അവാര്‍ഡ്, സംസ്ഥാന തലത്തില്‍ സ്വാതന്ത്ര്യ സമരചരിത്ര പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ ഗാന്ധിയന്‍ അവാര്‍ഡ് ലോകപ്രശസ്ത ശില്പിയും ചിത്രകാരനുമായ കാനായി കുഞ്ഞിരാമനില്‍ നിന്നാണ് ഏറ്റുവാങ്ങിയത്. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള മന്ന്യന്‍ നാരായണ സ്മാരക സംസ്ഥാനതല അവാര്‍ഡ് സമ്മാനിച്ചത് കേന്ദ്ര ഊര്‍ജ്ജസഹമന്ത്രി ശ്രീ.കെ.സി. വേണുഗോ പാലാണ്. നാഷണല്‍ സര്‍വ്വീസ് സ്കീം മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന തല അവാര്‍ഡും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബില്‍ നിന്നാണ് സ്വീകരിച്ചത്. വിദ്യാഭ്യാസരംഗത്തിനും സാമൂഹ്യപ്രവര്‍ത്തനത്തിനും നല്കിയ കനപ്പെട്ട സംഭാവനകളെ കുറിച്ച് മലയാളമനോരമ ശ്രീ. അദ്ദേഹത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ഫീച്ചറിലൂടെ ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേര് ബന്ധപ്പെടുകയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിലുപരിയായി പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കുകയും അവ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തത് മികച്ച നേട്ടമായി ടി.യം സുന്ദ്രേനാഥ് അഭിമാനിക്കുന്നു.
ഇപ്പോള്‍ പുസ്തകരചനയുടെ പണിപുരയിലാണ് ടി.യം. ഈ സാമൂഹ്യപ്രവര്‍ത്തകന്‍ നിരവധി ആനുകാലിക പ്രസക്തിയുള്ള ലേഖനങ്ങളുടെ കര്‍ത്താവാണ്. സമകാലിക പ്രസിദ്ധീകരണ ങ്ങളിലും, സ്മരണികകളിലും സാമൂഹ്യപ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി ലേഖനങ്ങളും പ്രബന്ധ ങ്ങളും എഴുതിവരുന്നു. ഭാര്യ നമ്പീശന് വിജയേശ്വരി, റിട്ട: അസിസ്റ്റന്റ് ഡയരക്ടര്‍ (കൃഷി) മക്കള്‍ പന്മപ്രിയ എസ്. വിജയ് നാഥ് എസ്.