നന്ദകുമാര്‍

നന്ദകുമാര്‍


അഭിവക്ത കണ്ണൂര്‍ ജില്ലയിലെ നീലേശ്വരത്ത് പ്രശസ്ത ഓട്ടന്‍ തുള്ളല്‍ കലാകാരനും ഒപ്പം എടയ്ക്ക, നാദസ്വരം, തകില്‍ എന്നിവയില്‍ വിദഗ്ദനും, പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ഉദേ്യാഗസ്ഥനുമായ അപ്പുണ്ണിമാരാരുടെയും ദേവകി മാരാസ്യാരുടെയും അഞ്ച് മക്കളില്‍ ഇളയവനാണ് ഈ അനുഗ്രീതകലാകാരന്‍ നന്ദകുമാര്‍ എന്ന നന്ദുമാസ്റ്റര്‍. നൂറ് കണക്കിന് ശിഷ്യമാര്‍ക്ക് നൃത്തകലയില്‍ പരിശീലനം നടത്തിവരുന്ന ഇദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിച്ചത് നീലേശ്വരം രാജാസ് സ്‌കൂളില്‍ വെച്ചായിരുന്നു. തുടര്‍ വിദ്യാഭ്യാസം പ്രതിഭാകോളേജിലും, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജിലുമായിരുന്നു. ഹിസ്റ്ററി & എക്കണോമിസ് ഐച്ഛികവിഷയമായെടുത്ത് ബിരുദവും കരസ്ഥമാക്കി. ഇതിനിടയില്‍ ടൈപ്പ് റൈറ്റിംഗും, ഒപ്പം കംപ്യൂട്ടര്‍ പഠനവും നടത്താനും സമയം കണ്ടെത്തി.
ആറാംതരം മുതല്‍ ഓട്ടന്‍ തുള്ളല്‍, നൃത്തം എന്നിവ പഠിക്കാന്‍ തുടങ്ങിയിരുന്നു. ഓട്ടന്‍ തുള്ളല്‍ ഗുരുക്കന്‍മാര്‍ പയ്യന്നൂര്‍ ദാമോദരമാരാരും കുട്ടമത്ത് ജനാര്‍ദ്ദനനും ആയിരുന്നു. നന്ദകുമാറിന്റെ വല്ല്യച്ഛന്‍ കുട്ടികൃഷ്ണമാരാരിലും നിന്നും ഓട്ടന്‍ തുള്ളല്‍ പഠിക്കാന്‍ അവസരം ഉണ്ടായി. കോളേജ് പഠനത്തിനിടയിലും കലാരംഗത്ത് സക്രിയ സാന്നിധ്യമായിരുന്ന ഇദ്ദേഹം അഭിനയിച്ച ഇംഗ്ലീഷ് നാടകം ഏറെ പ്രശംസനേടിയ ഒന്നായിരുന്നു. കോളേജ് സോണ്‍ കലോത്സവങ്ങളിലും ചെണ്ടയുള്‍പ്പെടെയുള്ള മത്സരങ്ങളില്‍ തിളങ്ങിനിന്നു ഈ കലാകാരന്‍. വിവിധ സര്‍ക്കാര്‍ ബോധവല്‍ക്കരണ പ്രൊജക്ടുകളില്‍ ഓട്ടന്‍ തുള്ളല്‍ നിരവധി വേദികളില്‍ അവതരിപ്പിക്കാനുള്ള അവസരം കൂടി ഇദ്ദേഹത്തിന് ലഭിച്ചു. ഒന്നര വര്‍ഷത്തോളം പഞ്ചായത്തിന്റെ ബോധവല്‍ക്കരണ പ്രൊജക്ടും നടത്തി. കേരളത്തിലെ വിവിധക്ഷേത്രങ്ങളില്‍ കല്ല്യാണസൗഗന്ധികം ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച് കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.
ഏഴ് വര്‍ഷത്തോളം ഡല്‍ഹിയില്‍ ക്ലറിക്കല്‍ സ്റ്റാഫായി സേവനം അനുഷ്ഠിച്ചപ്പോഴും കലയെ ഇദ്ദേഹം നെഞ്ചേറ്റിയിരുന്നു. ഭാരതീയ കലാമന്ദിരം ഡല്‍ഹി ഇദ്ദേഹത്തിന്റെ ജേഷ്ഠന്റെ കലാസംഘം ആയിരുന്നു. പ്രസ്തുത സംഘത്തിലും ഒരുപാട് കാലം ഡാന്‍സര്‍ ആയിരുന്നു നന്ദകുമാര്‍.
തന്നിലുള്ളതും താന്‍ പഠിച്ചതുമായ കലാപരമായ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കണം എന്ന നിശ്ചയദാര്‍ഢ്യത്തോടെ മുപ്പതാമത്തെ വയസ്സില്‍ നൃത്തവിദ്യാലം ഇദ്ദേഹം ആരംഭിച്ചു. ഓംശിവകലാക്ഷേത്രം എന്നായിരുന്നു ഇതിന്റെ പേര്- ഇതില്‍ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവ കുട്ടികള്‍ക്കും ഒപ്പം മുതിര്‍ന്നവര്‍ക്കും പരിശീലനംനല്‍കി നിരവധി പഠിതാക്കളെ അരങ്ങേറ്റം കുറിപ്പിച്ചു. കേരളത്തിനകത്തും പുറത്തും- കര്‍ണ്ണാടകയില്‍ – ബാംഗ്ലൂരില്‍ ആറുവര്‍ത്തിലധികം ക്ലാസ്സുകള്‍ എടുത്തിരുന്നു നന്ദുമാസ്റ്റര്‍.
ഇപ്പോള്‍ നര്‍ത്തകിയായ മകളും ചേര്‍ന്ന് ഓംശിവകലാക്ഷേത്രത്തിലൂടെ നിരവധി പേര്‍ക്ക് നൃത്തപരിശീലനം കൊടുത്തുവരുന്ന മലബാറിലെ തന്നെ അറിയപ്പെടുന്ന നൃത്ത വിദ്യാലയത്തില്‍ ഒന്നാണ്. ഇവിടുത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തലം വരെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. എല്ലാ കലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനവും സഹകരണവും നല്‍കിവരുന്ന ഗംഗാദേവിയാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി. അവര്‍ ഒരു കോസ്റ്റ്യും ഡിസൈനര്‍ കൂടിയാണ്. പോളി കലോത്സവങ്ങളില്‍ നിരവധി തവണ മികച്ച പ്രടനം കാഴ്ച വെച്ച മകന്‍ ശിവാനന്ദ് അറിയപ്പെടുന്ന വാദ്യകാലാകാരനാണ്. അദ്ദേഹം ഇപ്പോള്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദേ്യാഗസ്ഥനാണ്. മകള്‍ കലാമണ്ഡലം ശിവരഞ്ജിനി അഖിലകേരള അടിസ്ഥാനത്തില്‍ സോപാനത്തില്‍ സ്വര്‍ണ്ണമെഡലിന് അര്‍ഹയായി. തുടര്‍ച്ചയായി നാല് വര്‍ഷക്കാലം കലോത്സവവേദിയില്‍ തിളങ്ങിനിന്ന വ്യക്തിത്വം കൂടിയാണ് നന്ദുമാസ്റ്റര്‍.


നന്ദുമാസ്റ്റര്‍
ശിവം, കിഴക്കന്‍ കൊഴുവല്‍
നീലേശ്വരം പോസ്റ്റ്- കാസര്‍ഗോഡ് -671314
ഫോണ്‍: 9744105860

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *