മലയാള പ്രൊഫഷണല്‍ രംഗത്തും അതുപോലെ അമേച്ചര്‍ നാടരംഗത്തും വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശസ്തിനേടിയ യശോദ പുത്തിലോട്ട് എന്ന അനുഗ്രഹീത അഭിനേത്രി ഇന്നും തിരക്കിലാണ്. ഇപ്പോള്‍ എഴുത്തിനും വായനക്കും വേണ്ടിയാണ് സമയം കണ്ടെത്തുന്നത്. പ്രശസ്ത തെയ്യം കലാകാരന്‍ എം.വി. കണ്ണന്‍ മണക്കാടന്റെയും പി.പി. കുഞ്ഞാതിയമ്മയുടെയും നാല് പെണ്‍മക്കളില്‍ ഇളയമകളായി ജനിച്ച ഈ കലാകാരിയുടെ കുടുംബം തന്നെ കലാകുടുംബമാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അതായത് തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് നാടകവുമായി ബന്ധപ്പെടുന്നത്. പ്രശസ്ത നാടക നടി അമ്മിണിക്കൊപ്പം നാലാം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ പിന്നണി പാടി ശ്രദ്ധനേടി. അക്കാലത്ത് റിക്കാഡിംഗ് ചെയ്യുന്ന സമ്പ്രദായം കുറവായിരുന്നു.
ആദ്യമായി യശോദ പുത്തിലോട്ട് പ്രവര്‍ത്തിച്ച നാടകം ഇപ്പോഴും അവര്‍ ഓര്‍ക്കുന്നു, എന്നിട്ടും നിങ്ങളെന്നെ സ്‌നേഹിക്കുന്നു എന്നതായിരുന്നു ആ നാടകം. പഠന സമയത്ത് തന്നെ പാടാനും അഭിനയിക്കാനുമുള്ള യശോദയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ അദ്ധ്യാപകര്‍ തിരിച്ചറിഞ്ഞിരുന്നു. വെള്ളൂരിലെ വിജയന്‍ മാഷില്‍നിന്നുമൊക്കെ നിര്‍ലോഭമായ പ്രോത്സാഹനം ഇവര്‍ക്ക് ലഭിച്ചു. സ്‌കൂള്‍ തലം മുതല്‍ വിവിധ മത്സരങ്ങള്‍ക്ക് സമ്മാനങ്ങള്‍ വാരിക്കൂട്ടി. യശോദയുടെ ചേച്ചി അറിയപ്പെടുന്ന നാടക പ്രവര്‍ത്തകയായിരുന്നു. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ എത്തിയപ്പോള്‍ പ്രായത്തില്‍ കഴിഞ്ഞ വേഷങ്ങള്‍ പോലും യശോദ അനായാസം കൈകാര്യം ചെയ്ത് നാടക പ്രേമികളുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് അര്‍ഹയായി. മലബാറിലെ പ്രശസ്തമായ നാടക സംഘമായിരുന്നു കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കാകളി തീയറ്റേഴ്‌സ്. പ്രസ്തുത നാടക സംഘത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തതും യശോദ പുത്തിലോട്ടായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ സംഘചേതനയുടെ പഴശ്ശിരാജയില്‍ അഭിനിയിച്ചു. തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തോളും ഇതില്‍ തുടര്‍ന്നു. പ്രശസ്ത നാടക കൃത്തുക്കള്‍ക്കും സംവിധായകരന്‍ മാര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചു. ചെഗുവേര, കേളു തുടങ്ങിയ നാടങ്ങളിലെ യശോദ പുത്തിലോട്ട് അവതരിപ്പിച്ച വേഷങ്ങള്‍ ഇന്നും പ്രേക്ഷക മനസ്സുകളില്‍ മായാതെ നില്‍ക്കുന്നു. പ്രഫഷണല്‍ നാടകരംഗത്ത് എന്നപോലെ അമേച്ചര്‍ നാടക രംഗത്തും ഇരുന്നൂറ്റി അമ്പതിലധികം വേദികളില്‍ ഇവര്‍ അരങ്ങ്തകര്‍ത്തഭിനയിച്ചു. കേരളത്തിലെ പ്രധാന നാടക സംഘങ്ങളായ അങ്കമാലി അജ്ഞലിയുടെ ആഘോഷമെന്ന നാടകവും നിരവധി വേദികള്‍ പിന്നിട്ട ഒന്നാണ്. കോഴിക്കോട് വിശ്വഭാരതിയിലും ഏറെ കാലം അഭിനയിച്ചിരുന്നു. നഴ്‌സിംഗ് ഹോം എന്ന നാടകത്തിലെ അഭിനയത്തിന് നിരവധി സമ്മാനങ്ങളും ആദരവുകളും ലഭിച്ചത് യശോദ ഇന്നും അഭിമാനത്തോടെ ഓര്‍മ്മിക്കുന്നു. വേദികളില്‍ നിന്ന് വേദികളിലേക്കുള്ള യാത്രയില്‍ പരിചയപ്പെട്ട സൗഹൃദങ്ങളുടെയും ആരാധകരുടെയും സ്‌നേഹവും പ്രോത്സാഹനവും എപ്പോഴും അഭിനയജീവിതത്തിനും ഒപ്പം ജീവതയാത്രയിലേയും ഏറ്റവും വലിയ അംഗീകാരമായി ഈ കലാകാരി കാണുന്നു. ആയിരത്തോളം നാടകങ്ങളില്‍ അഭിനയിച്ച ഈ അനുഗ്രീത കലാകാരി നല്ലൊരു കവിയും കൂടിയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും വിവിധ സൗയുക്ത കവിതാ സമാഹാരങ്ങളിലും ഇവരുടെ കവിതകള്‍ക്ക് അച്ചടിമഷി പുരണ്ടു. ഭക്തിയും സാമൂഹ്യ വിഷയങ്ങളുമാണ് കഥയ്ക്കും കവിതയ്ക്കും എപ്പോഴും വിഷയമാക്കുന്നത്. കവിതയെഴുത്ത് എന്നത് സ്‌കൂള്‍ പഠനകാലത്ത് തന്നെ ആരംഭിച്ചതായിരുന്നു. ഭക്തിഗാനങ്ങളുടെ ഒരു സിഡിയും പുറത്തിറക്കിയിരുന്നു. എല്ലാ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വവിധ പ്രോത്സാഹനവും നല്‍കിവരുന്ന രാജു, യമുന എന്നിവരാണ് മക്കള്‍. നന്മ എന്ന കലാകാരന്മാരുടെ സംഘടനയുടെ സജ്ജീവ പ്രവര്‍ത്തക കൂടിയാണ്.
യശോദപുത്തിലോട്ട്
ജ്യോതിര്‍ഗമയ
കൊടക്കാട്
വഴി തൃക്കരിപ്പൂര്‍ – 671310
ഫോണ്‍ : 9746550425