വിജയകുമാര്‍.കെ.ബി. വെള്ളിക്കോത്ത്

വിജയകുമാര്‍.കെ.ബി. വെള്ളിക്കോത്ത്

സര്‍ക്കാര്‍ സേവന രംഗത്തും ഒപ്പം കായിക രംഗത്തും സുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച ശ്രീ. കെ. ബി വിജയകുമാര്‍ വെള്ളിക്കോത്ത്, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുച്ചിലോട്ട് ഗവ.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപകനായ കായക്കീല്‍ ശ്രീ കെ.ബി രാമന്‍ മാസ്റ്ററുടെയും അത്തിരവളപ്പില്‍ ചിറ്റേയി അമ്മയുടെയും അഞ്ച് മക്കളില്‍ ഇളയ മകനായി 1948 ഡിസംബര്‍ 18 ന് ഭൂജാതനായി.  വെള്ളിക്കോത്ത് എല്‍.പി.സ്‌കൂളില്‍നിന്നാണ് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിച്ചത്. തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലെ പ്രശസ്തമായ ദുര്‍ഗ്ഗാഹയര്‍ സെക്കന്ററില്‍ സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. പഠനസമയത്ത് തന്നെ തന്റെ ഇഷ്ടവിനോദമായ വോളിബോള്‍ കളിയിലൂടെ ഒഴിവ് വേളകള്‍ ആനന്ദകരമാക്കി. വോളിബോള്‍ കളിയോടുള്ള അടങ്ങാത്ത അഭിനിവേശം ഇദ്ദേഹത്തെ ഹൈസ്‌കൂള്‍ പഠനകാലത്ത് തന്നെ (196768) സ്‌കൂള്‍ സ്പോര്‍ട്സ് ക്യാപ്റ്റനായിതെരഞ്ഞെടുക്കപ്പെട്ടു. കാസര്‍ഗോഡ് വെച്ച് നടന്ന ജില്ലാ സ്‌കൂള്‍ വോളിബോള്‍ കളിയില്‍ പങ്കെടുക്കുകയും ചെയ്തു. സഹോദരിമാരയ ശാരദടീച്ചര്‍,  കെ.ബി സുശീല പാലക്കുന്ന്, സഹോദരന്മാരായ ഹെല്‍ത്ത് സര്‍വ്വീസ് ഉദ്യോഗസ്ഥനായ കെ.ബി. കുഞ്ഞികൃഷ്ണന്‍, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരന്‍ കെ.ബി. ഗോപാലന്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ കായിക രംഗത്തുള്ള അഭിരുചിക്ക് നിര്‍ലോഭമായ പ്രോത്സാഹനം അക്കാലത്ത് തന്നെ വീട്ടില്‍നിന്ന് നല്‍കിയിരുന്നു.

     കൊയ്ത്തൊഴിഞ്ഞ നെല്‍പ്പാടങ്ങളിലും ഒഴിഞ്ഞ് കിടക്കുന്ന ഗ്രാമ പറമ്പുകളിലും കൊച്ചു കൂട്ടുകാര്‍കെക്കാപ്പം വോളിബോള്‍ കളി പെയ്തമര്‍ന്നപ്പോള്‍ അതിന്റെ അമരത്ത് നില്‍ക്കാനും, പിന്നീട് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെയുള്ള ടീംമിനെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അജാനൂര്‍ സ്പോര്‍ട്സ്  റ്റീമില്‍ നിന്ന് തന്നെ ജില്ല വൈസ് ക്യാപ്റ്റന്‍, ജില്ലാ ക്യാപ്റ്റന്‍ പദവികള്‍ വഹിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. വോളിബോള്‍ എന്ന ജനകീയ കായിക വിനോദത്തിന്റെ ചരിത്രത്തിലേക്ക് വിരലോടിച്ചാല്‍ – വില്യം ജി. മോര്‍ഗന്‍ എന്ന അമേരിക്കന്‍ കായികാധ്യാപകനാണ് ഈ കായികവിനോദത്തിന്റെ ഉപജ്ഞാതാവ് 1895ല്‍ ആണ് വോളീബോളിന്റെ പ്രാഥമികരൂപം ആദ്യമായി ഉരുത്തിരിഞ്ഞുവന്നത്. 1947 മുതല്‍ അന്താരാഷ്ട്ര വോളീബോള്‍ ഫെഡറേഷന്‍ വോളീബോളിന്റെ നിയമങ്ങളേയും ഘടനയേയും സംരക്ഷിക്കുകയും പുതുക്കുകയും ചെയ്യുന്ന സംഘടനയാണ്.1921ല്‍ മദ്രാസ് വൈ.എം.സി.എ ആണ് വോളീബോളിനെ ഇന്ത്യയിലെത്തിച്ചത്. അക്കാലത്തു തന്നെ വോളീബോള്‍ കേരളത്തിലും എത്തിയിരുന്നു. 1956 ആയപ്പോഴേക്കും വോളീബോള്‍ കേരളത്തില്‍ ജനകീയമായി. കേരളത്തിലെ വ്യത്യസ്തമായ ഭൂപ്രകൃതിയില്‍ കളിക്കാന്‍ കുറച്ചു സ്ഥലം മതിയെന്ന സൗകര്യമാണ് കേരളത്തില്‍ ഈ കളി ജനകീയമാകാന്‍ പ്രധാന കാരണം. വോളീബോള്‍ ലോകത്തില്‍ ഇന്ത്യക്ക് ഒരു സ്ഥാനമുണ്ടാകാന്‍ കാരണം കേരളം, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കളിക്കാരുമാണ്. ജിമ്മി ജോര്‍ജ്ജ്, ജോസഫ് പപ്പന്‍ കേരളത്തിലെ ഏറ്റവും മികച്ച വോളീബോള്‍ കളിക്കാരില്‍പ്പെടുന്നു.

    ശ്രീ. വിജയകുമാര്‍  പഠനത്തിന് ശേഷം  ലോവര്‍ഡിവഷന്‍ ക്ലാര്‍ക്കായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മൈനര്‍ ഇറിഗേഷനില്‍ കണ്ണൂരില്‍ 1973 ഡിസംബര്‍ മുതല്‍ 1974 മാര്‍ച്ച് വരെയുള്ള കാലയളവിലും, 1975 ഏപ്രില്‍ മുതല്‍  നവംബര്‍ വരെ കാസര്‍ഗോഡ് താലൂക്കിലും താല്‍ക്കാലികമായി സേവനം അനുഷ്ഠിച്ചു.

     1968-ല്‍ തന്റെ സ്‌കൂള്‍ ടീമിന് വേണ്ടി കളിച്ച് വിജയതിലകം അണിയും മുമ്പേ ഗ്രാമീണടീമായ അജാനൂരിന് വേണ്ടി കടുത്ത പോരാട്ടങ്ങളിലൂടെ നിരവധി വിജയങ്ങള്‍ കൈവരിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. തുടര്‍ച്ചയായി അജാനൂര്‍ ക്ലബ്ബിന് വേണ്ടി നിരവധി തവണ ജഴ്സിയണിഞ്ഞ് ടീമിനെ നയിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. 

അജാനൂര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് തലശ്ശേരിയില്‍ വെച്ച് നടന്ന കണ്ണൂര്‍ ജില്ലാ ചാമ്പ്യന്‍ഷിപില്‍ 1972 ല്‍ വിജയകുമാറിന് ജില്ലയിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍, 1973,1974 വര്‍ഷങ്ങളില്‍ ജില്ലാ വൈസ് ക്യാപ്റ്റന്‍ പദവിയും, 1975 ല്‍ ജില്ലാ ക്യാപ്റ്റന്‍ പദവിയും വഹിച്ചു.

    1973 മുതല്‍ 75 വരെ യുള്ള വര്‍ഷങ്ങളില്‍ കണ്ണൂരില്‍ വെച്ച് നടന്ന ജില്ലാ മെയ്ദിന സ്പോട്സ് ഫെസ്റ്റിവലില്‍ വോളിബോള്‍ മത്സരത്തില്‍ വിജയകുമാര്‍ ക്യാപ്റ്റനായുള്ള തൊഴിലാളികളുടെ സ്പോര്‍ട്സ് ടീമാണ് വിജയതിലകം അണിഞ്ഞത്. കൂടാതെ 1973 ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന മെയ്ദിന സ്പോര്‍ട്സ് ഫെസ്റ്റിവലില്‍ വോളിബോളില്‍ രണ്ടാം സ്ഥാനം നേടിയ കണ്ണൂര്‍ജില്ലയിലെ കളിക്കാരനായും വിജയകുമാര്‍ രംഗത്ത് ഉണ്ടായിരുന്നു. 1975 ല്‍ പത്തനംതിട്ടിയിലെ വെച്ച് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലാ ടീമിനെ നയിച്ചതും ഇദ്ദേഹമായിരുന്നു. പാല എം.എല്‍.എ മാണി സി കാപ്പന്‍ കോട്ടയം ജില്ല ക്യാപ്റ്റനായും മത്സരം അരങ്ങേറിയിരുന്നു. രണ്ടു പേരും ഡിഫന്റര്‍ മാര്‍ ആയിരുന്നു. 

    1972 ല്‍ കോഴിക്കോട് മാനാഞ്ചിറയില്‍ വെച്ച് വോളിബോള്‍ രംഗത്ത് ഇതിഹാസം എന്നറിയപ്പെട്ട ജിമ്മിജോര്‍ജ്ജിന്റെ ടീമിനെതിരെ തീപ്പൊരിപാറുന്ന പോരാട്ടം കാഴ്ചവെച്ച ഐതിഹാസികമായ മത്സരത്തിന്റെ അമരത്ത് ശ്രീ. വിജയകുമാര്‍ ആയിരുന്നു. അന്നത്തെ മാധ്യങ്ങളില്‍ ഏറെ ശ്രദ്ധേയമായ വാര്‍ത്തയും ഇതായിരുന്നു. 1977 ല്‍ ഒക്‌ടോബര്‍ 8 മുതല്‍ 14 വരെ തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍ വെച്ച് നടന്ന കേരള സ്‌പോര്‍ട്‌സ് മീറ്റില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും ജിമ്മിജോര്‍ജ്ജിന്റെ ജ്യേഷ്ഠനായ ജോസ് ജോര്‍ജ്ജ് എസ് .ഐ സാറിന്റെ  കൂടെ വോളിബോള്‍ കളി അറ്റന്റ് ചെയ്തതും ഇദ്ദേഹം മറക്കാനാവാത്ത ഒരു അനുഭവമായി മനസ്സില്‍ സൂക്ഷിക്കുന്നു. തന്റെ വോളിബോള്‍ കോച്ചുകളില്‍ ഇദ്ദേഹം ഇന്നും ഓര്‍മ്മിക്കുന്ന രണ്ട് നാമധേയങ്ങളാണ് ശ്രീ. എം.കെ. മുകുന്ദന്‍ നമ്പ്യാര്‍, ശ്രീ. വി. ജെ. വര്‍ഗ്ഗീസ്. 

    കളിക്കളത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനം വിജയകുമാറിനെ പോലിസ് സേനയിലേക്കുള്ള വാതായനങ്ങള്‍ തുറക്കപ്പെട്ടു. 1976ല്‍ കണ്ണൂര്‍ ജില്ലയില്‍ പോലീസ് കോണ്‍സ്റ്റബിളായി നിയമിതനായി. താന്‍ എത്തിപ്പെട്ട മേഖലയായ ക്രമസാധന പാലനത്തിലുടെ സുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ഠിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. കാസര്‍ഗോഡ് പ്രദേശത്ത് നടന്ന വന്‍ മയക്ക് മരുന്ന് വേട്ടയിലെ അംഗമായിരുന്നു ഇദ്ദേഹം. പോലീസ് സേന പ്രത്യേക ക്യാഷ് അവാര്‍ഡ് നല്‍കി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. കാഞ്ഞങ്ങാട് നഗരത്തിന് അടുത്ത് ഒരുദിവസം നൈറ്റ് പ്രെടോളിംഗ് നടത്തികൊണ്ടിരിക്കുമ്പോള്‍ ഒരു ഹോട്ടല്‍ കത്തിനശിക്കുന്നത് കാണാനിടയായി. അര മണിക്കൂറിലധകം നീണ്ട പ്രയന്തത്തിനൊടുവില്‍ തീയയണച്ച് കാഞ്ഞങ്ങാട് നഗരത്തെ തന്നെ അക്ഷരാര്‍ത്ഥത്തില്‍ വന്‍ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയ പോലീസ് സംഘത്തില്‍ വിജയകുമാറിന്റെയും സക്രിയ സാന്നിധ്യം ഉണ്ടായിരുന്നു. 1987 ഒക്റ്റോബറില്‍ കാഞ്ഞങ്ങാട് വഴി  അനധികൃതമായി കടത്തികൊണ്ടുപോവുകയായിരുന്ന 7800 ലിറ്റര്‍ സ്പിരിറ്റ് കള്ളകടത്ത് സംഘത്തെ അതിസാഹസികമായി പിടികൂടിയ പോലീസ് സംഘത്തിലും വിജയകുമാറും ഉണ്ടായിരുന്നു. പോലീസ് സേനയുടെ പ്രത്യേകമായ അഭിനന്ദവും ക്യാഷ് അവാര്‍ഡ് നല്‍കി അന്നും ആദരവ് ലഭിച്ചിരുന്നു. ബേക്കല്‍ സ്റ്റേഷില്‍ ജോലിചെയ്യവേ നാല് വര്‍ഷക്കാലം പോലീസ് സേനയെ വെട്ടിലാക്കി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി പ്രത്യേകം പ്രശംസയ്ക്ക് അര്‍ഹനായി. പോലീസ് ഡിപ്പാര്‍ട്ട് മെന്റിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.   

    കാസര്‍ഗോഡ് ജില്ലയിലെ കുമ്പള പോലീസ് സ്റ്റേഷനില്‍ നിന്നും അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ആയി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചശേഷവും, തന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഇഷ്ട കായിക വിനോദമായ വോളിബോളിനെ ഒഴിച്ച് നിര്‍ത്തിയില്ല. ഒരു നല്ല സ്പോര്‍ട്സ് പ്രേമിയായി ഇന്നും വോളിബോള്‍ കളിക്ക് സര്‍വ്വ പിന്തുണയും സഹകരണവും നല്‍കി വരുന്നു.

    മാതൃകാപരമായ ജീവിതത്തിന്റെ ഉദാത്തമായ ദൃഷ്ടാത്തമായിരുന്നു ശ്രീ. വിജയകുമാര്‍. തന്റെ ജീവിത്തില്‍ നടക്കുന്ന സകലസംഭവികാസങ്ങളും ഡയറി കുറിപ്പുകളിലൂടെ സൂക്ഷിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതായത് അത് ഇന്നും തുടര്‍ന്ന് പോകുന്നു. 1973 ല്‍ തുടങ്ങിവച്ച ഈ കര്‍ത്തവ്യത്തില്‍ അദ്ദേഹം ഇപ്പോഴും വ്യാപൃതനാണ്. തന്റെ ജീവിത്തിന്റെ വിജയത്തിന് ഇത് ഒരു മുതല്‍കുട്ടാണെന്ന് അദ്ദേഹം ഇപ്പോഴും അടിയുറച്ച് വിശ്വസിക്കുന്നു. ഒരു പക്ഷേ ഒന്നിനും സമയം ഇല്ലെന്ന് പരിതപിക്കുന്ന പുതുതലമുറയ്ക്ക് ഇത് ഒരു മാതൃകതന്നെയാണ് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ എന്ന് നിസ്സംശയം പറയാം. ചിട്ടയായ ജീവിത വിജയത്തിന് ടൈംമാനേജ്മെന്റ്  അത്യാവശ്യമാണെന്ന് അദ്ദേഹം അടിയറച്ച് വിശ്വസിക്കുന്നു.

    തന്റെ പ്രഥാനപ്പെട്ട കളികള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന ജഴ്സികള്‍ ഓരോന്നും അതിന്റെ തനിമ നഷ്ടപ്പെടുത്താത്തവിധം ഓര്‍മ്മയുടെ ആല്‍ബത്തിലല്ലാതെ യാഥാര്‍ത്ഥ്യത്തിന്റെ ശേഷിപ്പുകളായി സൂക്ഷിപ്പില്‍ ഇന്നും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. കളിച്ചു നേടിയ വിജയങ്ങള്‍ ഓര്‍മ്മയുടെ നിധിപേടകങ്ങളിലെന്നപോലെ സൂക്ഷിപ്പുകളില്‍ ഉള്ള വ്യക്തിത്വങ്ങളില്‍ അപൂര്‍വ്വമാണ് ഇദ്ദേഹം. ഒപ്പം തന്റെ നേട്ടങ്ങള്‍ പകര്‍ത്തിയ മാധ്യമങ്ങളുടെ കുറിപ്പുകളും അദ്ദേഹത്തിന്റെ ശേഖരങ്ങളില്‍ ഒരു നിധിപോയെ ഈ സ്പോട്സ് പ്രേമി കാത്തു സൂക്ഷിക്കുന്നു.

    2013 ല്‍ കാസര്‍ഗോഡ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ 40 വയസ്സിന് മുകളില്‍  പ്രായമുള്ള മുന്‍ കാല കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങിലേക്ക് കായിക രംഗത്തെ നേട്ടങ്ങള്‍ പരിഗണിച്ച് നീലേശ്വരം കാര്യങ്കോട്ട് നടന്ന ചടങ്ങില്‍ ശ്രീ. വിജയകുമാറിനെ ആദരിക്കുകയുണ്ടായി. ഇതിന് പുറമെ നിരവധി ആദരവുകളും, അഭിനന്ദനങ്ങളും ഈ സ്പോര്‍ട്സ് താരത്തെ തേടിയെത്തിയിരുന്നു. നിരവധി പുരസ്‌കാരങ്ങളും ആദരവുകളും ഏറ്റുവാങ്ങിയ ഇദ്ദേഹം ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നത് മുന്‍ സംസ്ഥാന വോളീ ബോള്‍ പ്രസിഡന്റ് സി.എച്ച് ഭരതന്‍ സാറെയും, കേരള പൊലീസ് സ്‌പോര്‍ട്‌സ് ഓഫീസര്‍ ജി കരുണാകര കുറുപ്പ്, തലശ്ശേരി ഡി.വൈ.എസ്പി. മാത്യൂ സാര്‍, മുന്‍ ആരോഗ്യ മന്ത്രി എന്‍.കെ. ബാലകൃഷ്ണന്‍, മുന്‍ പാര്‍ലമെന്റ് അംഗം പി. കരുണാകരന്‍, അജാനൂര്‍ ക്ലബ്‌ന്റെ ആദ്യ പ്രസിഡന്റ് അഡ്വ: കെ. പുരുഷോത്തമന്‍ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങിയ പുരസ്‌കാരങ്ങളും മറക്കാനാവാത്തതാണെന്ന് ഇദ്ദേഹം സ്വാഭിമാനം സ്മരിക്കുന്നു. 

    ഇപ്പോള്‍ വെള്ളിക്കോത്തുള്ള വിജയ് നിവാസില്‍ വിശ്രമ ജീവതം നയിക്കുന്ന ഇദ്ദേഹം നല്ല ഒരു സ്പോര്‍ട്സ് പ്രേമി എന്നതിലുപരിയായി മാതൃകാപരമായ ജീവിതത്തിന്റെ ഉടമകൂടിയാണ്. പുതിയ തലമുറയെ ഒരു മാറാവ്യാഥി എന്ന പോലെ പിടികൂടിയിരിക്കുന്ന പുകവലി, മദ്യപാനം തുടങ്ങി എല്ലാ സാമൂഹ്യ ദുരാചാരങ്ങളെയും എതിര്‍ക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.  ഭാര്യ വത്സല എ.കെ.യാണ്. മക്കള്‍ സീന കെ.ബി, സജിന.കെ.ബി. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ പ്രസാദ്, ഷനൂജ് എന്നിവരാണ്. 

വിജയ് നിവാസ്, വെള്ളിക്കോത്ത്

അജാന്നൂര്‍ പോസ്റ്റ്, ആനന്ദാശ്രമം വഴി

കാസര്‍ഗോഡ് ജില്ല- കേരള

ഫോണ്‍ : 9446016622

വിലാസം

കെ.ബി. വിജയകുമാര്‍

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *