വ്യക്തി ജീവിതത്തില്‍ ഘോരകാന്താരം ഒരാളുടെ ഔദേ്യാഗിക ജീവിതത്തിലെ അനുഭവങ്ങളുടെ നിമ്ന്നോന്നങ്ങളാണ് വിജയന് മുങ്ങത്തിന്റെ ആരണ്യകാണ്ഡത്തില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും ദൃശ്യമാവുക. സേവന കാലഘട്ടത്തെ സ്മരിച്ചു കൊണ്ടുളള ഒട്ടേറെ സര്‍വ്വീസ് സ്റ്റോറികള്‍ വായിച്ചറിഞ്ഞ വായനക്കാര്‍ക്ക് ശ്രീ മുങ്ങത്ത് വിജയന് തികച്ചും വ്യത്യസ്തമായ ഒരു ഓര്‍മ്മ പുസ്തകമാണ് ഇതിലൂടെ നല്‍കുന്നത്. വീരസ്യം പറച്ചിലിന്റെയും ആത്മപ്രശംസയുടെയും അസഹനീയമായ വിശദീകരണങ്ങളായിരിക്കും പലപ്പോഴും സര്‍വ്വീസ് സ്റ്റോറികള്‍. എന്നാല്‍ ആരണ്യകാണ്ഡത്തില്‍ മരങ്ങള്‍ മാത്രമല്ല കാട് തന്നെയുണ്ടെന്ന് വായിക്കാവുന്നതാണ് എന്ന് തുളുനാട് ബുക്സ് പ്രസിദ്ധപ്പെടുത്തിയ ആരണ്യകാണ്ഡം എന്ന അനുഭവ ആഖ്യായികയുടെ അവതാരികയില്‍ ടി ജയരാജന് വ്യക്തമാക്കുന്നു.
കാസറഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ പഞ്ചായത്തിലെ അച്ചാംതുരുത്തിയിലാണ് വിജയന് മുങ്ങത്തിന്റെ ജനന സ്ഥലം. തുരുത്തിയില്‍ കര്‍ഷക പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന കോടമ്പത്ത് കണ്ണന് എന്ന കോടമ്പത്ത് കുഞ്ഞമ്പുവിന്റെയും മുങ്ങത്ത് ലക്ഷ്മിയുടെയും എട്ട് മക്കളില്‍ മൂന്നാമനാണ് ഇദ്ദേഹം. ഓര്‍മ്മ വെച്ച കാലം മുതല്‍ രാഷ്ട്രീയം കണ്ടും കേട്ടും വളര്‍ന്ന മുങ്ങത്ത് വിജയന് കര്‍ഷക സംഘം ചെറുവത്തൂര്‍ ഏരിയ കമ്മിറ്റി അംഗം തുരുത്തി വില്ലേജ് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്നു. 22 ാം പാര്‍ട്ടി സമ്മേളനം വരെ തിരുത്തി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.
അച്ചാംതുരുത്തി എല്‍ പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നീലേശ്വരം രാജാസ് ഹൈസ്കൂളിലും പയ്യന്നൂര്‍ കോളേജിലുമായിരുന്നു തുടര്‍ പഠനം . വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം പഠനം പ്രീഡിഗ്രിയില്‍ ഒതുങ്ങി. അതിന് ശേഷമാണ് കലാരംഗത്ത് കൂടുതല്‍ ശോഭിച്ചത്.മുങ്ങത്ത് കൃഷ്ണന് സംവിധാനം ചെയ്ത കുസൃതികുട്ടന്‍ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയന് ഇന്നും ഓര്‍മ്മിക്കുന്നു.
ആനുകാലികങ്ങളില്‍ കവിത, ലേഖനം, കഥകള്‍ എഴുതിവരുന്നുടെണ്ടങ്കിലും കവിതളാണ് കൂടുതലും ഇദ്ദേഹത്തിന്റെ തൂലിക തുമ്പത്ത് വിരിഞ്ഞത്. അച്ചാംതുരുത്തി സ്വദേശാഭിമാനി കലാലയം സ്ഥാപക സെക്രട്ടറിയും ദീര്‍ഘകാലം സമിതി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വദേശാഭിമാനി ഗ്രന്ഥാലയത്തിന്റെ സജീവ പ്രവര്‍ത്തകനാണ്, എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ജീവിത തിരക്കിനിടയിലും നിറസാന്നിദ്ധ്യമാണ് ഇദ്ദേഹം .
പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പടപൊരുതി ജീവിതം കെട്ടിപ്പടുക്കാനുളള യത്നത്തില്‍ വിവിധ തൊഴിലുകളില്‍ ഇദ്ദേഹത്തിന് ഏര്‍പ്പെടേണ്ടതായി വന്നു. ഏറെ കാലം ബീഡി തൊഴിലാളിയായിരുന്നു. 1978 ല്‍ കൃഷി ഡിപ്പാര്ട്ടുമെന്റില് ഉദ്ദേ്യാഗസ്ഥനായി. തുടര്‍ന്ന് ഫോറസ്റ്റ് ഡിപ്പാര്ട്ടുമെന്റില് ഗാര്‍ഡ് ആയി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച് ഈ തസ്തികയില്‍ നിന്ന് 2000 ല്‍ വിരമിച്ചു.
സ്വദേശാഭിമാനി കലാസമിതി സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ നേതൃത്ത്വ ത്തില്‍ പൂരക്കളി പരിശീലനം ആരംഭിച്ചു.ഒട്ടനവധി ആളുകള്‍ക്ക് ഇതിലൂടെ പൂരക്കളിയില്‍ പരിശീലനം നടത്താന്‍ സാധിച്ചു.
സ്കൂള്‍ പഠനകാലത്ത് തന്നെ എഴുത്ത് എന്നത് വിജയനെ സംബന്ധിച്ചിടത്തോളം ഒരു തപസ്സ്യ തന്നെയായിരുന്നു. സന്ദര്‍ശിക്കാവുന്ന വായനശാലകളില്‍ നിന്നെല്ലാം പുസ്തകങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും എല്ലാം എടുത്ത് വായിച്ചു . എം. ടി യുടെ കൃതികളാണ് ഇദ്ദേഹത്തെ കൂടുതല്‍ ആകര്ഷിച്ചതെങ്കിലും പ്രത്യയശാത്ര ഗ്രന്ഥങ്ങളും ക്ലാസിക്ക് നോവലുകളും എല്ലാം ഇദ്ദേഹം പരന്ന വായനയില്‍ ഉള്‍പ്പെടുത്തി. ഉപന്ന്യാസങ്ങള്‍ എഴുതുക എന്നത് ഇദ്ദേഹത്തിന്റെ ഒരു ഹോബിയായിരുന്നു . നിരവധി നാടകങ്ങള്‍ക്ക് വേണ്ടി ശ്രദ്ധേയമായ പാട്ടുകള്‍ എഴുതിയിട്ടുണ്ട്.
വിജയന്‍മുങ്ങത്തിന് എല്ലാ കലാ-സംസ്കാരിക പ്രവര്‍ത്തങ്ങള്‍ക്കും എല്ലാവിധ പ്രോത്സാഹനവും സഹകരണവും നല്കി വരുന്ന ജിതേഷ് വിജയന്, തജീഷ് വിജയന്,ജേ്യാതിഷ് വിജയന് എന്നിവരാണ് മക്കള്‍.
ആരണ്യകാണ്ഡത്തിന്റെ അവതാരികയുടെ ഏതാനും ഭാഗം ഇവിടെ ചേര്‍ക്കുന്നു. ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന പാണ്ടിയുടെ കാഴ്ചയില്‍ നിന്നും പുഴകടന്ന് മരങ്ങള്‍ക്കിടയിലൂടെ കറങ്ങിവന്നു വീണ്ടും അച്ചാംതുരത്തില്‍ കൂടണയുന്ന തികച്ചും ലളിതമായൊരു പുസ്തകമാണിത്. ഔദോഗിക ജീവിതം വളരെയേറെ വിഷമതകള്‍ നിറഞ്ഞതായിരുന്നുവെങ്കിലും അതിന്റെ വൈരസ്യം ഈ കൃതിയിലൊരിടത്തും കാണാന്‍ കഴിയില്ല. ഒരു ലഘുനോവല്‍ വായിക്കുന്നത് പോലെ അയത്നലളിതമായി വായനക്കാരന് ഇത് അനുഭവപ്പെടും. കാട്ടുജീവിതം തുടങ്ങുന്നതിന് മുമ്പ് ലഭിച്ച താല്‍ക്കാലിക ജോലിയും സസ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. കൃഷി-വകുപ്പില്‍ എന്നത് യാദൃശ്ചികമാവാം . കൊമ്പന് മീശയും കലങ്ങിയ കണ്ണുകളും കറുത്ത നിറവുമായിരുന്നു പഴയകാല സേനയുടെ ഗ്രമീണ ചിത്രം . പോലീസ് , എക്സൈസ്, ഫോറസ്റ്റ് തുടങ്ങിയ സേനകളെ പഴയ സിനിമാക്കാര് നമുക്ക് കാണിച്ചു തന്നത് അങ്ങനെയാണ്. ഈ ഒരു മുന്‍വിധി എന്തായാലും ആരണ്യകാണ്ഡം വായിച്ചുതീരുമ്പോഴേക്കും അലിഞ്ഞില്ലാതാകും .
ഫോറസ്റ്റ് ഓഫീസറായി പ്രവര്‍ത്തിച്ച പത്തായപ്പുരയിലെ പ്രേത സാമീപ്യവും ക്ലോക്ക് കൊണ്ട് അത് ഒഴിപ്പിച്ചതും രസകരമായി അവതരിപ്പിച്ച ഈ കൃതിയില്‍ വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്ച്യരെ കുറിച്ചും പണിയരെകുറിച്ചും അവരുടെ ജീവിത രീതികളെ കുറിച്ചുമൊക്കെ സവിസ്തരം വിശദമാക്കുന്നുണ്ട്. മാമ്പുഴ കുര്യന് എന്ന ഫോറസ്റ്റ്കാരുടെ പേടി സ്വപ്നത്തെ കീഴടക്കി നിയമത്തിനു മുന്നിലെത്തിച്ച രംഗം ഒരു ചെറുകഥയിലെന്ന പോലെ ഒഴുക്കോടെ വായിച്ചെടുക്കാം. അതൊടോപ്പം തന്നെ ഒരുകാലത്ത് കേരളത്തെ വിറപ്പിച്ച റിപ്പര്‍ എന്ന ഭീകരനെകുറിച്ചുളള ഓര്‍മ്മകളും അതിന്റെ പരിണാമ ഗുപ്തിയും സുന്ദരമായി വിശദമാക്കുന്നുണ്ട് ശ്രീ മുങ്ങത്ത് വിജയന്. തീയ്യതികളും ദിവസങ്ങളും രേഖപ്പെടുത്തിയിട്ടുളള ഡാറ്റയുടെ ശൃഖലയായി പരിണമിക്കാമായിരുന്ന ഒരു സര്‍വ്വീസ് സ്റ്റോറിയെ ഏറ്റവും ഹൃദ്യമായ ഒരു കാല്പനിക കഥ പോലെ ആവിഷ്കരിക്കാന്‍ ആരണ്യകാണ്ഡത്തിന്റെ രചനയില്‍ ശ്രീ മുങ്ങത്ത് വിജയന് കഴിഞ്ഞിട്ടുണ്ട്. ചരിത്രവും കവിതയും നിയമവും നിലപ്പാടും കൃത്യമായി ചിത്രീകരിച്ച ഈ പുസ്തകത്തില്‍ തന്റെ വ്യക്തി ജീവിതത്തിലെ കഠിന യാഥാര്‍ത്ഥങ്ങളെ കേവലം നാലോ അഞ്ചോ വരിയിലൊതുക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അല്ലെങ്കിലും അനുഭവങ്ങളുടെ കണലാഴം കടന്നൊരാള്‍ക്ക് കരളെരിഞ്ഞാലും തല പുകഞ്ഞാലും ചിരിക്കണമെത്രേ. വിദൂഷകധര്‍മ്മം എന്ന സഞ്ജയവാക്യം പിന്തുടരുവാനേ കഴിയുകയുളളൂ. എത്രയോ പേര് വനം വകുപ്പില്‍ ജോലി ചെയ്യുകയും,പിരിഞ്ഞു പോവുകയും ,സാഹസികവും അപകടകരവുമായ ഈ ജോലിക്കിടയില്‍ കൊല്ലപ്പെടുകയോ ജീവന് വെടിയേണ്ടി വരികയോ ചെയ്തിട്ടുണ്ട്.പക്ഷേ ആരും തന്നെ അവരുടെ ജോലിക്കാല അനുഭവങ്ങള്‍ നിരത്തി പുസ്തകം എഴുതാനായി എന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടില്ല. എഴുതിയിട്ടുണ്ടെങ്കില്‍ തന്നെ അങ്ങനെ ഒരു പുസ്തകം വായിക്കാന്‍ സാധിച്ചിട്ടില്ല.
വിലാസം
മുങ്ങത്ത് വിജയന്
അച്ചാം തുരുത്തി പി.ഒ.
അച്ചാം തുരുത്തി- കാസര്‍ഗോഡ് ജില്ല
ഫോണ്‍: 9497956115