കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ അദ്ധ്യാപകനായിരുന്ന കളത്തില്‍ വളപ്പില്‍ പണിക്കര്‍ ഭാസ്‌കരന്റെയും അമ്മന്‍കോവില്‍ കാര്‍ത്ത്യായനിയുടെയും അഞ്ച് മക്കളില്‍ മൂന്നാമന്‍ . ഇപ്പോള്‍ തളിപ്പറമ്പിനടുത്ത കൂവോട് താമസിക്കുന്നു. അരോളി, കല്ല്യാശ്ശേരി എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തളിപ്പറമ്പ് കോ-ഓപ്പ് ആര്‍ട്സ് കോളേജ്, കണ്ണൂര്‍ എസ്.എന്‍. എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. സാവത്തിക ശാസ്ത്രത്തില്‍ ബിരുദവും, മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡും (ഇംഗ്ലീഷ്) കരസ്ഥമാക്കി.
പഠനസമയത്ത് തന്നെ സിനിമയോട് അടങ്ങാത്ത ഒരു ഒരു കമ്പം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. പഠനത്തിന് വിഘാതം കൂടാതെ അക്കാലത്ത് ഇറങ്ങുന്ന ഒട്ടുമിക്ക കലാമൂല്യമുള്ളതും ജീവിതഗന്ധികളുമായ സിനിമകള്‍ കാണുന്നതിന് അജിത്ത് സമയം കണ്ടെത്തിയിരുന്നു. ഇതിന് പുറമെ നല്ലൊരു കഥാപ്രസംഗ ആസ്വാദകന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഇഷ്ട കാഥികന്‍ ശ്രീ.വി. സാബശിവന്‍. പ്രീ-ഡിഗ്രി പഠനസമയം മുതല്‍ തന്നെ സാഹിത്യരംഗത്തോടുള്ള അടങ്ങാത്ത അഭിവാഞ്ച ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. അത് ചെന്നെത്തിച്ചത് പാപ്പിനിശ്ശേരി പബ്ലിക്ക് ലൈബ്രറിയില്‍ ആണ്. അവിടുത്തെ ശേഖരത്തില്‍ നിന്നും ഒട്ടേറെ കൃതികള്‍ വായിക്കാന്‍ സാധിച്ചു.
ഡിഗ്രിപഠനസമയത്ത് എസ്.എന്‍ കോളേജ് ലൈബ്രറിയും പരമാവധി പ്രയോജനപ്പെടുത്തിയത് പില്‍ക്കാല സാഹിത്യ പ്രവര്‍ത്തനത്തിന് മാറ്റ് കൂട്ടി. ടീച്ചേഴ്സ് ട്രെയിനിംഗ് സമയത്ത് കെ.പി.എ.സി. സന്ദര്‍ശിക്കാന്‍ ലഭിച്ച അവസരത്തിലൂടെയാണ് സാഹിത്യരംഗത്ത് കൂടുതല്‍ സജ്ജീവമായത്. ഈ സമയത്ത് ഫൈന്‍ആര്‍ട്സ് എക്സിക്യൂട്ടീവ് അംഗമായും മാഗസിന്‍ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു. മാത്രമല്ല ചെറുകഥാ രചനയ്ക്ക് നാന്ദി കുറിച്ചതും ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു.
ആകാശവാണി കണ്ണൂര്‍ നിലയത്തില്‍ അവതരിപ്പിച്ചുവന്ന കഥകളും ഏറെ ശ്രദ്ധേയമായിരുന്നു.
എഴുത്തിന് ജോലി സംബന്ധമായ തിരക്കുകള്‍ കാരണം താല്‍കാലിക വിരാമം ഇട്ടിരുന്നുവെങ്കിലും വായന എന്നത് ഒരു തപസ്യയായി അജിത്കൂവോട് കൊണ്ട് നടന്നു. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേന കാസര്‍ഗോഡ് ജില്ലയില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകനായും, കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഉദ്യോഗസ്ഥനായും ജോലി ചെയ്തു. ഡല്‍ഹിയില്‍ ശ്രീലങ്ക ഹൈകമ്മീഷണനില്‍ സോഷ്യല്‍ സെക്രട്ടറിയായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1995 ല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സ്ഥിര ജോലിയില്‍ പ്രവേശിച്ചു. സര്‍ക്കാര്‍ സേവനത്തില്‍ നിന്നും അവധിയെടുത്ത് 2005 ല്‍ വിദേശത്ത് ഏഴ് വര്‍ഷത്തോളം സൗദി അറേബ്യയിലെ അന്താരാഷ്ട്ര റീടെയ്ല്‍ സ്ഥാപനങ്ങളില്‍ മാനേജര്‍ ആയി ജോലി ചെയ്തതും വിവിധ ട്രെയിനിങ്ങുകള്‍ ലഭിച്ചതും ഒട്ടേറെ അംഗീകാരങ്ങള്‍ക്ക് വഴിവെച്ചു.
വിവിധ രാജ്യക്കാരും സംസ്‌കാരങ്ങളുമായും വ്യത്യസ്തരായ ആള്‍ക്കാരുമായും ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അജിത്ത് കൂവോടിന് ഈ കാലഘട്ടത്തില്‍ സാധിച്ചു. ഈ കാലഘട്ടങ്ങളിലെ അനുഭവങ്ങള്‍ അറേബ്യന്‍ സ്റ്റോറീസ് എന്ന പേരില്‍ fb യില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിട്ടുണ്ട്. fb യില്‍ തന്നെ 86 അദ്ധ്യായങ്ങളിലായി ‘ഞാനും എന്റെ ഓര്‍മ്മകളും’ എന്ന പംക്തി ഒട്ടേറെ വായനക്കാരെ ആകര്‍ഷിച്ചിട്ടുണ്ട്.വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തിന്റെ ലോകത്ത് നിറസാന്നിദ്ധ്യമായി ഇദ്ദേഹം വീണ്ടും തിരിച്ചെത്തി. ജീവിതത്തിന്റെ നേര്‍കാഴ്ച്ചകളും, ജീവിതാനുഭവങ്ങളും എഴുത്തിന് പാത്രീഭൂതമായി. അങ്ങനെ പ്രഥമ കഥാസമാഹാരം ഋതുക്കള്‍ സാക്ഷി എന്ന, വ്യത്യസ്തതയാര്‍ന്ന നാല്പതോളം കഥകള്‍ ഉള്‍പ്പെടുത്തി സംസ്ഥാന ഗ്രന്ഥകാരസമിതി ആദ്യ ചെറുകഥാ സമാഹാരം പുറത്തിറക്കി.
പുതുമയാര്‍ന്ന മിനി സിനിമകള്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്തു. ചിരി, കാത്തിരിപ്പ്, ആടി വേടന്‍, യാത്ര, താങ്ങും തണലും എന്നീ ഹ്രസ്വ ചിത്രങ്ങളില്‍, ചിരി ഏറെ ശ്രദ്ധേയമായിരുന്നു. ചിരിക്കാന്‍ മറന്നുപോയ ആധുനിക സമൂഹത്തിന്റെ ഒരു നേര്‍കാഴ്ചയായിരുന്നു ഈ ഹ്രസ്വചിത്രം. മാത്രമല്ല കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിനെ കുറിച്ച് ഒരു ഡോക്യുമെന്ററിയും ചെയ്തിട്ടുണ്ട്. ഇതിനുപുറമേ, ശ്രദ്ധേയമായ, പോയി പഠിക്കെടാ, പുതുനാമ്പിന്‍ നൊമ്പരം, തുടങ്ങി ഏതാനും മ്യൂസിക്കല്‍ ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്.കനല്‍ കനവുകള്‍ എന്ന രണ്ടാമത്തെ കഥാസമാഹാരം പുറത്തിറക്കിയത് കേരള ബുക്ക് ട്രസ്റ്റ് ആയിരുന്നു. അമ്പതിലധികം കഥകളാണ് കനല്‍കനവുകള്‍ എന്ന 2017 ല്‍ പുറത്തിറക്കിയ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സംയുക്ത കവിതാ സമാഹാരങ്ങളില്‍ കവിതകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസ്വാന്തനം എന്ന മാസികയില്‍ കഥകളും കവിതകളും എഴുതി ഒരു കാലഘട്ടത്തില്‍ പ്രസ്തുത മാസികയിലെ നിറസാന്നിദ്ധ്യം തന്നെയായിരുന്നു ഇദ്ദേഹം.
നിരവധി സാംസ്‌കാരിക സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം തളിപ്പറമ്പ് ഫിലിം സൊസൈറ്റി, പു.ക.സ. തുടങ്ങിയവയുടെ സജീവ സാന്നിധ്യം കൂടെയാണ്. നല്ലൊരു വായനക്കാരന്‍ എന്നതിനൊപ്പം ഇദ്ദേഹം എഴുതുന്ന പുസ്തക റിവ്യൂകളും സിനിമാ ആസ്വാദനങ്ങളും ഏറെ ശ്രദ്ധേയവും പ്രചോദനപരവുമാണ്. ഒരു കാലത്ത് മലയാള പാഠശാലയോടൊപ്പം ചേര്‍ന്ന് നടത്തിയ അക്ഷരയാത്രകളുടെയും വീട്ടകം സാഹിത്യ ക്യാമ്പുകളുടെയും സംഘാടകന്‍ കൂടിയായിരുന്നു ഇദ്ദേഹം. തളിപ്പറമ്പ് ഫിലിംസൊസൈറ്റി, മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍, മലയാള ഭാഷപാഠശാല, എഴുത്തുകൂട്ടം (എഴുത്തുകാരുടെ ദേശീയ സംഘടന) തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഉത്തരമേഖലാ സാരഥ്യം വഹിക്കുന്നതോടൊപ്പം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കൂടെയാണ്. നല്ലൊരു സംഘാടകന്‍ കൂട്ടിയായ ഇദ്ദേഹം ആനുകാലികങ്ങളിലുംസോഷ്യല്‍ മീഡിയകളിലും ഇപ്പോഴും വളരെ സജീവമാണ്. ഫോട്ടോഗ്രാഫി എന്നത് അജിത്ത് കൂവോടിന്റെ ഹോബികളില്‍ ഒന്നാണ്. വയലപ്രയിലെ സന്ധ്യ- മാതൃഭൂമി കാഴ്ചയില്‍ പ്രസിദ്ധപ്പെടുത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. അജിത്ത് കൂവോട് എന്ന യുട്യൂബ് ചാനലില്‍ സ്പാര്‍ക്ക് എന്ന പേരില്‍ തന്റെ പരിസര പ്രദേശത്തെ ചെറുതും വലുതുമായ കലാ-സാഹിത്യ- സാംസ്‌കാരിക രംഗത്തെ വേറിട്ട വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി കൂടികാഴ്ചകള്‍ പരമ്പരയായി ചെയ്തുവരുന്നത് ഒരു പുതുമയാര്‍ന്ന പരിപാടിയാണ്.
സഞ്ചാരപ്രിയനായ ഇദ്ദേഹം ഒട്ടേറെ യാത്രാവിവരണങ്ങള്‍ സചിത്ര ലേഖനങ്ങളായി fb യില്‍ പങ്കുവെച്ചത് നല്ല സഞ്ചാര സാഹിത്യത്തിന് ഉദാഹരണങ്ങളാണ്.
2023 മെയ് മാസം സാകേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സൂപ്രണ്ടായി വിരമിച്ച അജിത്ത് കൂവോട് എഴുത്തും വായനയും യാത്രയും അഭിമുഖങ്ങളുമായി ഇപ്പഴും സജീവമാണ്, നല്ലൊരു സഹയാത്രികനാണ്.അവാര്‍ഡുകള്‍: ബാലകൃഷ്ണന്‍ മാങ്ങാട് കഥാ പുരസ്‌കാരം, പൂമരം മാസിക കഥാ പുരസ്‌കാരം, എഴുത്തുകൂട്ടം കഥാ പുരസ്‌കാരം, തുടങ്ങി, ചെറുതും വലുതുമായ അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്.അജിത്കൂവോടിന്റെ എല്ലാ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വവിധ പിന്തുണയും പ്രോത്സാഹനങ്ങളും നല്‍കിവരുന്ന ഭാര്യ ലത നടുവില്‍ എഴുത്തുകാരിയാണ്. മക്കള്‍ ഐശ്വര്യഅജിത്ത്, ഐശ്യാനി അജിത്ത്.
വിലാസം:
അജിത് കൂവോട്
എടക്കാട് ഹൗസ്
കൂവോട്- കുറ്റിക്കോല്‍ പോസ്റ്റ്
തളിപ്പറമ്പ്-670562 -NO : 9447331181