പ്രൊഫ: കെ.പി. ജയരാജന്‍

പ്രൊഫ: കെ.പി. ജയരാജന്‍

നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ധനസമാഹരണം നടത്തുവാന്‍ 2011 ല്‍ സംഘടിപ്പിച്ച മലബാറിന്റെതന്നെ ഉത്സവമായിമാറിയ നീലേശ്വരംമഹോത്സവത്തിന് ചുക്കാന്‍ പിടിച്ച,  2016 മുതല്‍ അഞ്ച്‌വര്‍ഷക്കാലം നീലേശ്വരം മുന്‍സിപ്പാലിറ്റിയുടെ പ്രഥമപൗരനുമായിരുന്ന, അധ്യാപനവും സാമൂഹ്യ – സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചുകൊണ്ട് വ്യക്തിമുദ്രപതിപ്പിച്ച പ്രൊഫ: കെ.പി. ജയരാജന്‍ പ്രശസ്തമായ കണ്ണോത്ത് തറവാട്ടില്‍ പ്രമുഖ്യസ്വാതന്ത്രസമര സേനാനിയായിരുന്ന പരേതനായ നാരായണന്‍ നായരുടെയും പി. ലക്ഷ്മികുട്ടിയമ്മയുടെയും മുന്നാമത്തെ മകനാണ്. 

1955 ജൂലൈ 6 ന് ഭൂജാതനായ ഇദ്ദേഹം നീലേശ്വരം നീലേശ്വരം സെന്റ് ആന്‍സ് യു.പി. സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിച്ചു.  തുടര്‍ന്ന് പ്രശസ്തമായ രാജാസ് ഹൈസ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. സ്‌കൂള്‍ പഠനകാലത്ത് തന്നെ പാഠ്യ വിഷയങ്ങളിലെന്നപോലെ പാഠ്യേതര വിഷയങ്ങളിലും മികച്ച കഴിവ് പ്രകടിപ്പിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ വായന എന്നത് ഒരു തപസ്യയായി ഇദ്ദേഹം കൊണ്ടുനടന്നു. പില്‍ക്കാലത്ത് ഈ പരന്നവായനാശീലമാണ് പ്രഭാഷണങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും എഴുത്തിനും നിദാനമായതെന്ന് മാസ്റ്റര്‍ അഭിമാനപുരസ്സരം ഓര്‍മ്മിക്കുന്നു. 

ഹൈസ്‌കൂള്‍ വിദ്യാഭ്യസത്തിന് ശേഷം കാസര്‍ഗോഡ് ഗവര്‍മെന്റ് കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  വിദ്യാഭ്യാസകാലത്ത് തന്നെ അസാധാരണമായ നേതൃപാടവം പ്രകടമാക്കിയ ഇദ്ദേഹത്തിന് കാഞ്ഞങ്ങാട് നെഹ്‌റുകോളേജില്‍ പഠിക്കുമ്പോള്‍ തന്നെ കോളേജ് യൂണിയന്‍ ചെയര്‍മാന്‍, സര്‍വ്വകലാശാല യൂണിയന്‍ കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചു. ഈ സമയത്തും സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃനിരയില്‍ നിന്ന്  വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിരുന്നു.  കോഴിക്കോട് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സിലിലേക്ക് ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.  കാസര്‍ഗോഡ് ജില്ലയില്‍ പുരോഗന കലാസാഹിത്യസംഘത്തിന്റെ ആദ്യത്തെ പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചതും, ഓയ്‌സ്‌ക ഇന്റര്‍ നാഷണലിന്റെ ജില്ലാ ഘടകത്തിന്റെ പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചതും ശ്രീ.കെ.പി. ജയരാജന്‍ ആണ്.

ബിരുദാനന്തര ബിരുദത്തിന് ശേഷം താന്‍ പഠിച്ച കോളേജില്‍-കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍  തന്നെ ചരിത്രവിഭാഗം അധ്യാപകനായി നിയമിതനായി സേവനം ചെയ്യാനുള്ള അവസരം 1977 ല്‍ ലഭിച്ചു. സാക്ഷരത പ്രൊജക്ട് കോഡിനേറ്റര്‍ ആയിട്ടും നിയമനം ലഭിച്ചു. തുടര്‍ന്ന് കണ്ണൂര്‍ യുണിവേഴ്‌സിറ്റി പരീക്ഷാകണ്‍ട്രോളര്‍ ആയി നിയമിതനായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചു.

 ജില്ലയിലെ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ നിറസാന്നിദ്ധ്യമായി മാറിയ ജയരാജന്റെ സംഘാടന മികവിന്റെ ഉത്തമ ദൃഷ്ടാന്ത മായിരുന്നു 1981 ല്‍ നീലേശ്വരത്തു വെച്ചു നടന്ന മഹാകവി കുട്ടമത്ത് ജന്മ ദശാബ്ദി ആഘോഷം. എന്‍.കെ. ബാലകൃഷ്ണന്‍, സി.പി.ശ്രീധരന്‍, പവനന്‍, എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍, കെ.മാധവന്‍, കരിമ്പില്‍ കുഞ്ഞമ്പു തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പം മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച ജയരാജന്റെ സംഘാടനവൈഭവം ഏറെ പ്രശംസിക്കപ്പെട്ടു. കേരളത്തിലെ അറിയപ്പെടുന്ന സാംസ്‌കാരിക നായകന്മാരെയും എഴുത്തുകാരെയും നീലേശ്വരത്ത് എത്തിച്ച് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സാംസ്‌കാരിക മഹോത്സവം ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ നിര്‍ദ്ധനവിദ്യാര്‍ത്ഥികളുടെ പഠനത്തിന് ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടി ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷണല്‍ നീലേശ്വരം ചാപ്റ്റര്‍ നടത്തിയ പത്തുദിവസം നീണ്ട് നിന്ന നീലേശ്വരം മഹോത്സവത്തിന്റെ അമരത്തും പ്രൊഫ: കെ.പി. ജയരാജന്‍ തന്നെയായിരുന്നു.

1986 ല്‍ കോഴിക്കോട് സര്‍വ്വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയും 1990 ല്‍ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ പ്രോജക്ട് ഓഫീസര്‍ ആയും മികവു തെളിയിച്ച കെ.പി.ജയരാജന്‍ 1997 ല്‍ കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ആയി നിയമിതനായി. പ്രഥമ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പരീക്ഷ വിഭാഗം കുറ്റമറ്റതാക്കാനും സമയ ബന്ധിതമായി ഫലപ്രഖ്യാപനം  നടത്തുന്നതിലും മറ്റു സര്‍വ്വകലാശാലകള്‍ക്ക് മാതൃകയാകാനും ജയരാജനു കഴിഞ്ഞു. 2010 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച അദ്ദേഹം കര്‍ണ്ണാടകയിലെ യേനപോയ ഡീംഡ് മെഡിക്കല്‍ സര്‍വ്വകലാശാലയുടെ പരീക്ഷ കണ്‍ട്രോളറായും സിണ്ടിക്കേറ്റ് അംഗമായും ചുമതലയേറ്റു.

കാസര്‍ഗോഡ് ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനം എന്ന ഖ്യാതിലഭിച്ച നീലേശ്വരം നഗരസഭയുടെ രണ്ടാമത്തെ ചെയര്‍മാനാകാനുള്ള അവസരം ജയരാജനെ തേടിയെത്തിയത്തി. പ്രസ്തുത നഗരഭയില്‍ മാതൃകാപരമായ പ്രവര്‍ത്തനകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദേശീയ തലത്തില്‍ അവാര്‍ഡിന് പരിഗണിക്കപ്പെട്ടു. സംസ്ഥാനത്തെ ജൈവ നഗരസഭയാകാനും ഭവന പദ്ധതികളുടെ പൂര്‍ത്തീകരണ ത്തിനും പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിലും നേടിയ പ്രഥമ സ്ഥാനം, നവപ്രഭപദ്ധതി, വിദ്യാഭ്യാസം ആരോഗ്യം മേഖലയിലെ മുന്നേറ്റം എന്നിവ ചുരുങ്ങിയ കാലം കൊണ്ട് മുന്നിലെത്താന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ നേതൃപാടവത്തിന് ഉത്തമ ഉദാഹരണമാണ്. 

ഭാര്യ നിരജ്ജിനി കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി യിലെ അദ്ധ്യാപികയും മകന്‍ നീരജ് കണ്ണോത്ത് ജയരാജ് എച്ച്.എസ്.ബി.സി. ലണ്ടനില്‍  ഉം മകള്‍ ലക്ഷ്മി ജയരാജ് എം.ഡി.എസ് ബാംഗ്ലൂരിലും പ്രാക്ടീസ് ചെയ്യുന്നു.

നിരവധി അവാര്‍ഡുകളും ബഹുമതികളും പ്രൊഫ: കെ.പി. ജയരാജനെ തേടിയെത്തി. യുണിവേഴ്‌സിറ്റി അക്കാദമിക് ഭരണരംഗത്ത് മികച്ച ഭരണ നൈപുണ്യംത്തിന് ഡല്‍ഹി ആസ്ഥാനമായി ഇന്ത്യന്‍- ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌സ് സൊസൈറ്റിയുടെ ഭാരത്‌ജേ്യാതി അവാര്‍ഡ് (2014) നവകേരളം- വിദ്യാഭ്യാസം പൊതുപ്രവര്‍ത്തനം സാംസ്‌കാരികം രംഗത്ത് മികച്ച സംഭാവനയ്ക്കുള്ള അവാര്‍ഡ് 2016, പദ്ധതി നിര്‍വ്വഹണം ഹരിതകേരളം അവാര്‍ഡ് കാന്‍ഫെഡ് സംസ്ഥാന അവാര്‍ഡ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രന്റ്‌സ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡ്,നവകേരളം പുരസ്‌കാരം എന്നിവയും നഗരസഭയുടെ മികവാര്‍ന്ന പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍എന്നിവ കേവലം ഉദാഹരങ്ങള്‍ മാത്രം. 

വിലാസം : പ്രൊഫ: കെ.പി. ജയരാജന്‍

പള്ളിക്കര, നീലേശ്വരം കാസര്‍ഗോഡ് ജില്ല പിന്‍ – 671314 .ഫോണ്‍ : 9447297441

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *