ഉദയംകുന്നിലെ ആര്‍ട്ടിസ്റ്റ് അനില്‍കുമാറിന്റെയും സവിതയുടെയും മൂത്തമകളായ നന്ദന അമ്പലത്തറ ഹയര്‍സെക്കന്ററിസ്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിനിയാണ്. കലാമണ്ഡലം വനജരാജനില്‍ നിന്നുമാണ് നന്ദന നൃത്തത്തിന്റെ ഹരിശ്രീകുറിച്ചത്. സ്കൂള്‍ വിദ്യാഭ്യസകാലമുതല്‍ യുവജനോത്സവവേദികളിലും, പൊതുവേദികളിലും നൃത്തരംഗത്തും സക്രിയസാന്നിദ്ധ്യമാണ് നന്ദന. രണ്ട് തവണ തൃശ്ശൂരിലും ആലപ്പുഴയിലും വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതും നന്ദനയുടെ ടീമിനാണ്.
പിച്ചവെച്ചകാലം മുതല്‍ നൃത്തത്തോടും അഭിനയത്തിനോടുമുള്ള ഈ കൊച്ചു കലാകാരിയുടെ അടങ്ങാത്ത അഭിവാഞ്ഛ ചെന്നത്തിച്ചത് ലോകത്തിലെ തന്നെ അറിയപ്പെടുന്ന കലാട്രൂപ്പായ കൊച്ചിന് കലാഭനിലേക്കാണ്. കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ച ഈ പ്രതിഭ നൃത്തത്തോടപ്പം തന്നെ സ്കൂള്‍ യുവജനോത്സവ വേദികളില്‍ നിന്നും ആരംഭിച്ച അഭിനയ മികവ് സിനിമയിലേക്ക് എത്തിച്ചു. ഇന്ന് നന്ദന സദാസമയം തിരക്കിലാണ്. ലൊക്കേഷനില്‍ നിന്നും ലൊക്കേഷനിലേക്കുള്ള വിശ്രമില്ലാത്ത പ്രയാണം.
നിരവധി മ്യൂസിക് ആല്‍ബങ്ങളില്‍ പാടി അഭിനയിച്ച നന്ദന സ്വന്തമായി മ്യൂസിക് ആല്‍ബങ്ങള്‍ സംവിധാനം ചെയ്യുകയും ഒപ്പം മികച്ച കൊറിയോഗ്രാഫര്‍ എന്ന് തെളിയിക്കുകയും ചെയ്തു. കൂടാതെ കേരളത്തിലെ അറിയപ്പെടുന്ന മാജിക്ക് ട്രൂപ്പകളിലൂടെ നിരവധി വേദികളില്‍ നൃത്തരംഗങ്ങള്‍ അവതിപ്പിച്ച് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമാകാനും നന്ദനയ്ക്ക് കഴിഞ്ഞു. രാജീവന് പുതുക്കളം സംവിധാനം ചെയ്ത സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ കൗമാര പ്രണയത്തിന്റെ വ്യാകുലതകള്‍ ചിത്രീകരിച്ച പ്രണയസാഗരതീരം എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലെ പ്രധാനവേഷം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. നാലാമത്തെ വയസ്സില്‍ എം.എ. കുട്ടപ്പന്റെ മകളായി ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചതും, വിദ്യാഭ്യാസവകുപ്പിന്റെ ചിത്രശലഭം എന്ന ദൃശ്യ ചിത്രീകരണത്തില്‍ ജി.കെ. പിള്ളയുടെ കൂടെ അഭിനയിച്ചതും തന്റെ നടന ജൈത്രജാത്രയുടെ വഴിത്തിരിവായി നന്ദന ഓര്‍മ്മിക്കുന്നു.
മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്തുവരുന്ന ജനപ്രിയ സീരിയല്‍ ആയ ചാക്കോയും മേരിയും എന്ന സീരിയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ മലയാളികള്‍ക്ക് എളുപ്പം മറക്കാനാവില്ല. നന്ദന അഭിനയിച്ച ശേഷം, ചിന്താവിഷ്ടനായ കണാരന് എന്നീ ഹ്രസ്വചിത്രങ്ങളും ഏറെ ശ്രദ്ധേയമാണ്.
പ്രശസ്ത സംവിധായകന് റഫീക് പഴശ്ശി സംവിധാനം ചെയ്ത റിലീസ് ചെയ്യാനിരിക്കുന്ന ആയിഷ എന്ന ചിത്രത്തില്‍ സഹനടിയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സൈനുചാവക്കാടിന്റെ ഇക്കാക്ക എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് എന്ന അനുഗ്രഹീത നടന്റെ മകളായിട്ടാണ് നന്ദന അഭിനയിച്ചിരിക്കുന്നത്.
ഇതേസമയം നിരവധി അന്യഭാഷ ചിത്രങ്ങളും ഈ കലാകാരിയെ തേടിയെത്തി. രാമമൂര്‍ത്തിയുടെ തമിഴ് സിനിമയായ വണക്കം അയ്യ എന്ന ചിത്രവും. മനപ്പറവെ എന്ന ചിത്രത്തിലെയും അഭിനയ മികവ് നന്ദനയെ തെന്നിന്ത്യന്‍ സിനിമയുടെ നായികാ പരിവേഷത്തില്‍ എത്തിക്കുമെന്നതില്‍ സംശയമില്ല.