ഇ. കമലാക്ഷിടീച്ചര്‍

ഇ. കമലാക്ഷിടീച്ചര്‍

സര്‍ഗാത്മക സൃഷ്ടികളില്‍ ഒന്നാണ് കവിത. കവി ശബ്ദത്തില്‍ നിന്ന് വ്യുല്പന്നമായ ഭാവനാമമാണല്ലോ കവിത. അര്‍ത്ഥവ്യാപ്തമായ വാക്കുകളെ ഗാനരൂപത്തില്‍ ഘടിപ്പിച്ചു വായിക്കാനും വായിച്ചവ ഓര്‍മ്മയില്‍ നിലനിര്‍ത്താനും പദ്യരൂപങ്ങള്‍ കൂടുതല്‍ ഉചിതമാണെന്നുള്ളത് യാഥാര്‍ത്ഥ്യം. ഭാഷയില്‍ സാഹിത്യപ്രാധാന്യം കല്പിച്ചിരുന്ന, ആശയാവിഷാരങ്ങള്‍ക്കു സൌന്ദര്യം കല്പിച്ചിരുന്ന ഒരുകാലഘട്ടത്തില്‍ ഉദിച്ചുയര്‍ന്നതായിരുന്നു കവിത. രുചിക്കുംതോറും ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം . വാച്യമായ അര്‍ത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അര്‍ത്ഥം വ്യക്തമാക്കുന്ന എന്ന ധര്‍മ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന് ഊന്നല്‍ നല്‍കുന്നവയാണ് കവിതകള്‍. ഇതാണ് കവിതയെകുറിച്ചുള്ള പൊതുവായ അഭിപ്രായം. തനിക്ക് ചുറ്റം കാണുന്ന കാര്യങ്ങള്‍ക്ക് കാവ്യാത്മകത നല്‍കിയ വ്യക്തിത്വത്തിന് ഉടമയാണ് ഇ. കമലാക്ഷി ടീച്ചര്‍. പലപ്പോഴും നിയതമായ ഒരു വീക്ഷണഗതി ഇവരുടെ കവിതകള്‍ക്കിടയിലൂടെ കടന്ന് പോകുന്ന ഏതൊരാള്‍ക്കും ദര്‍ശിക്കാന്‍ കഴിയും.
കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പഞ്ചായത്തില്‍ കണ്ണാടി പറമ്പില്‍ അധ്യാപകനും അറിയപ്പെടുന്ന വിഷവൈദ്യനും സംസ്‌കൃത പണ്ഡിതനുമായ നാരായണന്‍ മാസ്റ്റരുടെയും യശോദയമ്മയുടെയും എട്ട് മക്കളില്‍ ഏഴാമത്തെ മകളായ ഇ. കമലാക്ഷി ചെറുപ്പകാലം മുതല്‍ അക്ഷരങ്ങളെയും, വായനയെയും ഏറെ സ്നേഹിച്ചു. ഇത് പില്‍ക്കാല ജീവിതത്തില്‍ സാഹിത്യ നഭോമണ്ഡലത്തില്‍ ജ്വലിച്ച് നില്‍ക്കാന്‍ പ്രചോദനമായി. കുടാതെ പിതാവ് പ്രദേശത്തെ വായനശാലയുടെ സെക്രട്ടറി കൂടിയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലാണ് പ്രസ്തുത വായന ശാല അറിയപ്പെടുന്നത്.
കണ്ണാടി പറമ്പിലെ ദേശസേവ എ.യു.പി. സ്‌കൂളില്‍ നിന്നുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കമലാക്ഷി കുറിച്ചത്. പഠനസമയത്ത് സ്‌കൂള്‍ തലത്തില്‍ ചോദ്യോത്തര മത്സരങ്ങളില്‍ നിറസാന്നിദ്ധ്യമായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞു. തുടര്‍ന്ന് കമ്പില്‍ മാപ്പിള ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. പാസ്സായി. പിന്നീട് ഹിന്ദി പ്രചാരസഭയുടെ കോഴ്സുകളില്‍ ചിറയ്ക്കല്‍ ഹിന്ദി മഹാവിദ്യാലയത്തില്‍നിന്നും യോഗ്യതനേടി. ശേഷം തിരുവന്തപുരം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഹിന്ദി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി. ഇക്കാലത്തും വായന എന്നത് ഒരു തപസ്യയായി ഇവര്‍ കൊണ്ട് നടന്നിരുന്നു. മദ്രാസ്സഭയുടെ എം.എ (ഹിന്ദിപാരംഗത്) പാസ്സായശേഷം കുറച്ച് കാലം പാരല്‍ കോളേജ് അധ്യാപികയായി സേവനം അനുഷ്ഠിച്ചായിരുന്നു അധ്യാപന ജീവിതത്തിന്റെ ഹരിശ്രീകുറിച്ചത്.
ഇക്കാലഘട്ടത്തിലാണ് ഭാഷാഅധ്യാപികയായി (പാര്‍ട്ട് ടൈം അധ്യാപികയായി) കാസര്‍ഗോഡ് ജില്ലയിലെ കടമ്പാറില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം ലഭിച്ചത്. പിതാവില്‍ നിന്നും പകര്‍ന്ന് കിട്ടിയ വായന അപ്പോഴും അവര്‍ തിരിക്കിനിടയിലും കൊണ്ട് നടന്നു. പുരാണങ്ങള്‍, ആനുകാലിക പ്രസിദ്ധികരണങ്ങള്‍ തുടങ്ങി ലഭ്യമായത് എന്തും കമലാക്ഷിടീച്ചറുടെ വായനയില്‍ ഉള്‍പ്പെട്ടിരുന്നു. ഏറെ ആകര്‍ഷിച്ച കൃതിയായി അവര്‍ ഓര്‍മ്മിക്കുന്നത് വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം ആണ്. 1992 ല്‍ ഫുള്‍ടൈം അധ്യാപികയായി മംഗല്‍പാടി സര്‍ക്കാര്‍ സ്‌കൂളില്‍ നിയമനം ലഭിച്ചു. ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം കുമ്പള സ്‌കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു. നീണ്ട പതിനെട്ട് വര്‍ഷക്കാലം ഒരേ സ്‌കൂളില്‍ ഹിന്ദി അധ്യാപികയായി സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി ടീച്ചര്‍ ഓര്‍മ്മിക്കുന്നു.
നിരന്തരം അധ്യാനിക്കുന്ന ചെങ്കല്‍ തൊഴിലാളികളെ എപ്പോഴും ശ്രദ്ധിച്ചിരുന്ന ഇവര്‍ കല്ലുചെത്തുകാര്‍ എന്ന പേരില്‍ എഴുതിയ കവിത അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അതുപോലെ കടമ്പയെ കുറിച്ച് എഴുതിയ കവിതയും വേറിട്ട ഒരു കവിതായി ശ്രദ്ധിക്കപ്പെട്ടു. ചുറ്റുപാടും കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷണങ്ങള്‍ തന്റെ കവിതകള്‍ക്ക് നിദാനമാണെന്ന് കവയത്രി പറയുന്നു. ഹിന്ദിയിലും സാഹിത്യരചനകള്‍ നടത്താന്‍ കമലാക്ഷിടീച്ചര്‍ സമയം കണ്ടെത്തി. കാഞ്ഞങ്ങാട് തുളുനാട് പബ്ലിക്കേഷന്റെ സംയുക്തസമാഹാരങ്ങളില്‍ ഒന്നിലധികം തവണ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ മലയാളത്തിലെ ജീവിത ഡിജിറ്റല്‍ മാസികയില്‍ ഓര്‍മ്മകുറിപ്പുകളും, കാലിക പ്രസക്തിയുള്ള കവിതകളും ഒപ്പും കഥകളും. എഴുതിവരുന്നുണ്ട്. ഒപ്പം ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ടീച്ചര്‍ സൃഷ്ടികള്‍ നടത്തുന്നുണ്ട്.
2009 ല്‍ ആലപ്പുഴ ജില്ലയിലെ ഉണര്‍വ്വ് പബ്ലിക്കേഷന്‍ കമലാക്ഷി ടീച്ചറുടെ അറുപത്തിയെട്ടോളം കവികതകള്‍ ഉള്‍പ്പെടുത്തി ചിതറിയ മുത്തുകള്‍ എന്ന പേരില്‍ ഒരു കവിതാസമാഹാരം പുറത്തിറക്കി. ഇതില്‍ പതിനാലോളം കുട്ടികവിതകളും ഉള്‍ക്കൊള്ളിച്ചിരുന്നു. പ്രസ്തുത കൃതിയുടെ അവതാരിക എഴുതിയത് ശ്രീ. കരിവെള്ളൂര്‍ മുരളിയായിരുന്നു. അതേവര്‍ഷം ഏപ്രില്‍ മാസത്തിലായിരുന്നു ചിതറിയ മുത്തുകളുടെ പ്രകാശനം നടത്തിയത്. ചിതറിയ മുത്തുകളുടെ അവതാരികയിലൂടെ ശ്രീ.കരിവെള്ളൂര്‍ മുരളി വിശേഷിപ്പിച്ചത് ഭൂമിക്കും പ്രകൃതിക്കുമായി ഒരു സങ്കീര്‍ത്തനം എന്നാണ്. കൂടാതെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം നഷ്ടമാകുന്നതോടെയാണ് ജീവിതം ഇത്രമേല്‍ മനുഷ്യത്വരഹിതമായിത്തീരുന്നത്. കമലാക്ഷിയുടെ നാല്‍പ്പതോളം കവിതകളില്‍ പലതും പ്രകൃതിയ്ക്കായുള്ള സങ്കീര്‍ത്തനങ്ങളാണ്. മുതലാളിത്തവും ലാഭക്കൊതിയും ചേര്‍ന്ന് ഭൂമിയെയും പ്രകൃതി പ്രതിഭാസങ്ങളെയും കൊന്നുതിന്നുന്നതിനെതിരായ ആഹ്വാനവും, നിലവിളിയും, നിശ്ശബ്ദ രോഷവും എല്ലാം ഈ കവിതകളില്‍ മാറി മാറി പ്രതിഫലിക്കുന്നുണ്ട് എന്ന് അദ്ദേഹം ഉദാഹരണം സഹിതം സമര്‍ത്ഥിക്കുകയും ചെയ്യുന്നു.
ബി.എസ്.എന്‍ എല്‍ ഉദ്യോഗസ്ഥനായി ഏറെകാലം ജോലിയെടുത്ത് ഇപ്പോള്‍ വി. ആര്‍.എസ്. എടുത്ത ചന്ദ്രാധരനാണ് ടീച്ചറുടെ ഭര്‍ത്താവ്. നാഗപ്പൂരില്‍ ഏര്‍പോര്‍ട്ട് ഉഭ്യോഗസ്ഥനാണ് മകന്‍ വരുണ്‍, മകള്‍ വൈഷ്ണവി അവര്‍ ഇപ്പോള്‍ മൈക്രോസോഫ്റ്റ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുന്നു. എല്ലാവരില്‍ നിന്നും ടീച്ചറുടെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ പ്രോത്സാഹനവും ഒപ്പം സഹകരണവും നല്‍കുന്നു.
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ച് വന്നതും അല്ലാത്തതുമായ ബാല്യകാല സ്മരണകള്‍ ഉള്‍പ്പെടുത്തി ഒരു ഗ്രന്ഥരചനയുടെ പണിപ്പുരയിലാണ് കമലാക്ഷി ടീച്ചര്‍ ഇപ്പോള്‍.
വിലാസം
ഇ. കമലാക്ഷിടീച്ചര്‍
വൈഷ്ണവം
സുരഭി ഹൗസിംഗ് കോളനി
നുള്ളിപ്പാടി, കാസര്‍ഗോഡ് ജില്ല

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *