നൈസര്‍ഗ്ഗീകമായ ഏതൊരു സര്‍ഗ്ഗാത്മകതയും പ്രകൃതിയുടെ വരദാനമാണ്. സംഗീതവും ജീവിതവും ഉര്‍മ്മിള നാരായണന് ഒന്നുതന്നെയാണ്. ഏതൊരു കലോപാസകനും തന്റെ കലയുടെ ഉദാത്തമായ മേഖലയിലൂടെയുള്ള പ്രയാണം ഒരിക്കലും ഒരു നിശ്ചത സീമയിലോ, നിയതമായ അതിര്വരമ്പുകള്ക്കുള്ളിലോ ഒതുക്കിനിര്‍ത്താന്‍ പറ്റില്ലെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യമാണ്. സംഗീതത്തിന്റെ അനന്തസാധ്യതകള്‍ അന്വേഷിക്കുന്ന ഈ അനുഗ്രഹീത കലാകാരി 1978 ഡിസംബറില്‍ രാമകൃഷ്ണന്- പന്മിനി ദമ്പതികളുടെ മകളായി ജനിച്ചു. സ്വയം മറന്ന് ഗാനത്തില്‍ മനസ്സും ഹൃദയവും സമര്‍പ്പിച്ച് പാടുമ്പോള്‍ ആസ്വാദകരിലും നവ്യാനുഭൂതി ഉളവാകുന്നു. ഓരോ ഗാനത്തിനും അനുസൃതമായ ഈണവും താളവും ലയവും നല്കുമ്പോള് ആ ഗാനസുധയില്‍ ശ്രോതാവും ബദ്ധശ്രദ്ധനാകും. കുട്ടികളുടെ മനോധര്‍മ്മം മനസ്സിലാക്കി അവരുടെ ഉള്ളറിഞ്ഞ് പഠിപ്പിക്കുന്ന ഊര്‍മ്മിള സംഗീതവിദ്യാര്‍ത്ഥികള്‍ക്ക് ഒരു മുതല്‍കൂട്ടാണെന്ന യാഥാര്‍ത്ഥ്യം കുട്ടികളുടെ രക്ഷിതാക്കളും ചാരിതാര്ത്ഥ്യ തേരിലേറുന്നു.
പ്രാഥമിക വിദ്യാഭ്യാസം കാസര്‍ഗോഡ് ജില്ലയിലെ ബെല്ലാഈസ്റ്റ് സ്കൂളിലായിരുന്നു. പഠനസമയത്ത് തന്നെ തന്നില്‍ അന്തര്‍ലീനമായിരുന്ന കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് 8ാം ക്ലാസ് മുതല്‍ ദുര്‍ഗ്ഗ ഹൈസ്കൂളില്എത്തിയപ്പോള് തന്റെ കലാഭിരുചി കൂടുതല്‍ പരിപോഷിപ്പിക്കുവാന്‍ സാധിച്ചു. അന്നത്തെ പ്രിന്‍സിപ്പളായിരുന്ന അരവിന്ദന് മാസ്റ്ററും സംഗീതാധ്യാപകനായിരുന്ന രാമചന്ദ്രന് മാസ്റ്ററും ഊര്‍മ്മിളയ്ക്ക് നല്കിയ പ്രചോദനവും പ്രോത്സാഹനവും വളരെ വലുതായിരുന്നു
8 -ാം ക്ലാസില്‍ പഠിക്കുമ്പോള്‍ 1991-ല്‍ തിരൂരില്‍ വച്ച് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഗാനമേളയില്‍ ഊര്‍മ്മിളയുടെ ടീമാണ് 2-ാം സ്ഥാനവും എ ഗ്രേഡും നേടിയത്. കേവലം സംഗീതം മാത്രമല്ല തനിക്ക് വഴങ്ങുക കഥാപ്രസംഗവും സായത്തമാണ് എന്ന് 1992 - 93 വര്‍ഷത്തില്‍ തൃശ്ശൂരില്‍ വച്ച് നടന്ന സംസ്ഥാന കലോത്സവത്തില്‍ പെരുന്തച്ചന്റെ കഥ പറഞ്ഞ്് ഒന്നാം സ്ഥാനവും എ ഗ്രേഡും, മലയാള കവിതയില്‍ എ ഗ്രേഡും, ഗാനമേളയില്‍ എ ഗ്രേഡും നേടുകയുണ്ടായി. 1994 ല്‍ കോഴിക്കോട് വച്ച് നടന്ന സംസ്ഥാനകലോത്സവത്തില്‍ ജ്ഞാനേശ്വരന്റെ കഥ പറഞ്ഞ് കഥാപ്രസംഗത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി. സംഗീതത്തില്‍ ഊര്‍മ്മിളയുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞതും ആദ്യഗുരുവും ഊര്‍മ്മിളയുടെ ഇളയമ്മ ഗാനഭൂഷണം രാഗിണിയാണ്. കഥാപ്രസംഗ കലയില്‍ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെ കൃഷ്ണന് മാസ്റ്ററുടെ ശിക്ഷണം കൊണ്ടാണ് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തിര്ഹയാക്കിയത്.
1992-ല്‍ കേരള യൂത്ത് സെന്റര്‍ കൊല്ലത്ത് വച്ച് നടത്തിയ സംസ്ഥാന തല ഗ്രാമോത്സവത്തില്‍ ലളിതഗാനം, സിനിമാഗാനം, മലയാളം പദ്യപാരായണം, ദേശീയഗാനം എന്നിവയില്‍ ഒന്നാം സ്ഥാനത്തിനര്‍ഹയായി.
ദുര്‍ഗ്ഗ ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സിക്ക് ശേഷം നെഹ്റു ആര്‍ട്സ് & സയന്‍സ് കോളേജിലും കലാരംഗത്ത് തന്റെ കഴിവ് തെളിയിക്കുവാന്‍ അവസരം ലഭിച്ചു.1995 ല്‍ കോഴിക്കോട് വച്ച് നടന്ന യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനവും കാഞ്ഞങ്ങാട് മുനിസിപ്പല്‍ കേരളോത്സവത്തില്‍ കലാതിലകമായി.
നെഹ്റുകോളേജിലെ പഠനശേഷം സംഗീതപഠനമാണ് തന്റെ ദൗത്യമെന്ന് തിരിച്ചറിഞ്ഞ ഈ കലാകാരി ചെന്നെത്തിയത്1997 ല്‍ ചെമ്പൈ മ്യൂസിക് കോളേജിലേക്കാണ്. സംഗീത കോളേജിലെപഠന കാലയളവില്‍ ഒട്ടനവധി മത്സരവേദികളില്‍ പങ്കെടുത്ത് അംഗീകാരങ്ങള്‍ ഈ കലോപാസകയെ തേടിയെത്തിയിട്ടുണ്ട്. . പാലക്കാട് വച്ച് നടന്ന ജില്ലാതല ഫിലിം സോങ്ങ് മത്സരത്തില്‍ ലഭിച്ച പുരസ്കാരം സംഗീത സംവിധായകന് കെ . രാഘവന് മാസ്റ്ററുടെ കയ്യില്‍ നിന്നും ഏറ്റു വാങ്ങിയത് എന്നും മനസ്സില്‍ മായാതെ സൂക്ഷിക്കുന്നു ഈ കലാകാരി.
തനിക്ക് കുടുംബ സ്വത്തായി കിട്ടിയ സംഗീതം അത് ആനന്ദദായകമാണെന്നും അത് മാനസികമായ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം ആത്മാവറിഞ്ഞ് താളലയങ്ങള്‍ സമന്വയിപ്പിച്ച് പാടുമ്പോള്‍ ആസ്വാദകര്‍ തന്നോടൊപ്പം സഞ്ചരിക്കുന്നു എന്നും ഈ കലാകാരി മനസ്സിലാക്കുന്നു.
സംഗീതലോകത്ത് തന്റേതായ സാന്നിദ്ധ്യം ഉറപ്പിച്ച ഊര്‍മ്മിള നാരായണന് ദൂരദര്ശന്, ഏഷ്യാനെറ്റ്, കേബിള്‍വിഷന്‍, സിറ്റിചാനല്‍ തുടങ്ങിയ നവ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ വ്യക്തിത്വമാണ്. ശ്രീ ചക്രപാണി ഭക്തിഗാനങ്ങള്‍, പറശ്ശിനി മുത്തപ്പന്, ശിവശക്തി പ്രസാദം, ശ്രീകൃഷ്ണാഷ്ടകം എന്നീ കാസറ്റുകളിലും നിരവധി അമേച്ച്വര്‍ നാടകങ്ങളിലും നാടകഗാനങ്ങള്‍ പാടിയിട്ടുണ്ട്.
കേരളത്തിലെ പ്രശസ്തമായ സംഗിതോത്സവങ്ങളായ സ്വാതി തിരുന്നാള്‍ സംഗിതോത്സവം-പാലക്കാട്, തൃപ്രയാര്‍ സംഗീതോത്സവം കൂടാതെ ഗുരുവായൂര്‍ ചെമ്പൈ സംഗിതോത്സവത്തിലും എല്ലാവര്‍ഷവും പാടുവാനുള്ള അവസരം ഈ കലാകാരിക്ക് ലഭിക്കുന്നുണ്ട്.
ചെമ്പൈ സംഗീത കോളേജിലെ പഠനശേഷം അവര്‍ തനിക്ക് വരദാനമായി കിട്ടിയ സംഗീതം മറ്റുള്ളവരിലേക്കും പകര്‍ന്നു നല്കാന് തുടങ്ങി. പിലാത്തറ ലാസ്യ കലാക്ഷേത്രയില്‍ സംഗിതത്തിലും വീണയിലും അദ്ധ്യാപിക കൂടിയായ ഊര്‍മ്മിള ചെറുവത്തൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന രാഗസുധ സ്കൂള്‍ ഓഫ് മ്യൂസിക് ആന്റ് ഡാന്‍സിന്റെ ഡയറക്ടര്‍കൂടിയാണ്.
ഊര്‍മ്മിളയുടെ ചെറുപ്രായത്തില്‍ തന്നെ അച്ഛന്, മിലിട്ടറിയില്‍ നിന്നും വിരമിച്ച രാമകൃഷ്ണന് മുദിയക്കാലിന്റെ ആകസ്മികമായ വിയോഗം കുടുംബത്തെ ദു:ഖത്തിലാഴ്ത്തി. ജീവിതത്തില്‍ താങ്ങും തണലുമായ അമ്മാവന്മാരുടെ നിരന്തര പ്രോത്സാഹനമാണ് കലാരംഗത്ത് ഉയരങ്ങളിലെത്താന്‍ സാധിച്ചത്. അമ്മ റിട്ട; അംഗണ്‍വാടി ടീച്ചര്‍ എന്‍.കെ.പത്മിനി, ഏക സഹോദരി ഷര്‍മ്മിള രാമചന്ദ്രന്
തികച്ചും ഒരു കലാകുടുംബത്തില്‍ നിന്നും വളര്‍ന്നു വന്ന ഊര്‍മ്മിള വിവാഹശേഷം എത്തിച്ചേര്‍ന്നതും കലയെ ഏറെ ഇഷ്ടപ്പെടുന്ന ഒരു കുടുംബത്തിലേക്കാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഫസ്റ്റ്ഗ്രേഡ് ഓവര്‍സിയറും സാമൂഹ്യസേവന രംഗത്തെ നിറസാന്നിധ്യവുമായ-ഊര്‍മ്മിളയുടെ ഭര്‍ത്താവ് കെ.വി നാരായണന് മികച്ച കീബോര്‍ഡ് ആര്‍ട്ടിസ്റ്റാണ്. കലാ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ നിര്‍ലോഭമായ സഹകരണവും പ്രോത്സാഹനങ്ങളും ഊര്‍മ്മിളയ്ക്ക് ഔന്നിത്യങ്ങള്‍ കീഴടക്കാന്‍ എന്നും പ്രചോദനമാണ്. നിരവധി അംഗീകാരങ്ങളും, അവാര്‍ഡുകളും, ആദരവുകളും ഈ കാലയളവില്‍ ഊര്മ്മിളനാരായണനെ തേടിയെത്തിയിരുന്നു. മക്കള്‍ ഐശ്വര്യ നാരായണന്, ആദര്‍ശ് നാരായണന് വിദ്യാര്‍ത്ഥികളാണ്.
വിലാസം:
ഊര്‍മ്മിള നാരായണന്
കെ.വി നാരായണന്
ഐശ്വര്യം
മട്ടമ്മല്‍
തിമിരി പി.ഒ
ചെറുവത്തൂര്‍ വഴി
കാസറഗോഡ് -671313.
ഫോണ്‍: 0467 2261403