കെ.പി. കൃഷ്ണന്‍

കെ.പി. കൃഷ്ണന്‍

കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ വിനോദമാണ് കോല്‍ക്കളി., കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകള്‍ ഇതിനുണ്ട്. എന്നാല്‍ മലബാറിലെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കോല്‍ക്കളികള്‍ തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. വന്ദനക്കളി, വട്ടക്കോല്‍, ചുറ്റിക്കോല്‍, തെറ്റിക്കോല്‍, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റല്‍, ചുറഞ്ഞു ചുറ്റല്‍, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങള്‍ കോല്‍ക്കളിയില്‍ ഉണ്ട്. പ്രധാനമായും പുരുഷന്മാര്‍ ആണ് കോല്‍ക്കളിയില്‍ പങ്കെടുക്കാറുള്ളതെങ്കിലും സ്ത്രീകളും പെണ്‍കുട്ടികളും ഇതില്‍ പങ്കു ചേരാറുണ്ട്. ഇതിനെ ”കോലാട്ടം” എന്നു പറയുന്നു. സാധാരണഗതിയില്‍ എട്ടൊ പത്തോ ജോഡി യുവാക്കള്‍ പ്രത്യേക വേഷവിധാനത്തോടെ ഇതില്‍ പങ്കെടുക്കുന്നു. ചിലങ്കയിട്ടതൊ ഇടാത്തതൊ ആയ കമ്പുകള്‍ കോല്‍ കളിക്കാര്‍ ഉപയോഗിക്കും. നൃത്തം ചെയ്യുന്നവര്‍ (കോല്‍കളിക്കാര്‍) വട്ടത്തില്‍ ചുവടുവെച്ച് ചെറിയ മുട്ടുവടികള്‍ കൊണ്ട് താളത്തില്‍ അടിക്കുന്നു. നൃത്തം പുരോഗമിക്കുന്നതനുസരിച്ച് കോല്‍കളിക്കാരുടെ ഈ വൃത്തം വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്നു. അകമ്പടിഗാനം പതിയെ ഉയര്‍ന്ന് നൃത്തം തീരാറാവുന്നതോടേ ഉച്ചസ്ഥായിയിലാവുന്നു ഇതാണ് കോല്‍കളിയുടെ ചുരുക്കം. കോല്‍ക്കളിക്ക് പുതിയ മാനം തീര്‍ത്ത കെ.പി.കൃഷ്ണന്‍ അഭിവക്ത കണ്ണൂര്‍ ജില്ലയിലെ മടിക്കൈ പഞ്ചായത്തില്‍ കാര്‍ഷിക കുടുംബത്തില്‍ കുഞ്ഞിക്കണ്ണന്റെയും കുഞ്ഞിപ്പെണ്ണിന്റെയും ഏഴ് മക്കളില്‍ മൂത്ത മകനായി എരിപ്പില്‍ എന്നസ്ഥലത്താണ് ഭൂജാതനായത്.
ഉത്തര മലബാറിന്റെ തനതു നാടന്‍ കലാരൂപമായ കോല്‍ക്കളിയില്‍ നാല് പതിറ്റാണ്ടിലധികമായി സംഭാവനകള്‍ നല്‍കിയ മലപ്പച്ചേരിയിലെ കെ.പി കൃഷ്ണന്‍ കോല്‍ക്കളിയില്‍ പുതിയ പരീക്ഷണവഴികള്‍ തുറന്നിട്ട കലാകാരനാണ്. മൂന്ന് തലമുറകളെ കോല്‍ക്കളി അഭ്യസിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വ വ്യക്തിത്വമാണ് ഇദ്ദേഹം. പലപ്പോഴും പാട്ടുകള്‍ സ്വന്തമായി ആനുകാലിക സംഭവങ്ങളെ അധികരിച്ച് ഇദ്ദേഹം ഇപ്പോഴും രചിച്ചുവരുന്നുണ്ട്. പുതു തലമുറയിലെ രണ്ടായിരത്തിലധികം പേര്‍ക്ക് കോല്‍ക്കളിയില്‍ പ്രതിഫലേച്ഛ കൂടാതെ പരിശീലനം നല്‍കിയിട്ടുളള ഇദ്ദേഹം കോല്‍ക്കളിയില്‍ ഏറ്റവുമൊടുവില്‍ പുത്തന്‍ ചുവടുകളുമായി രംഗത്തെത്തി കലാസ്വാദകരെ അമ്പരിപ്പിച്ച വ്യക്തിത്വമാണ്. തലയില്‍ കത്തിച്ച നിലവിളക്കും വെച്ച് കോല്‍ക്കളി താളത്തിനൊത്ത് ചുവടുവെക്കാന്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കുകയാണ് കൃഷ്ണന്‍. തന്റെ 20- ാം വയസ്സില്‍ കാസര്‍ഗോഡ് ജില്ലയിലെ മലപ്പച്ചേരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലാണ് കൃഷ്ണന്‍ കോല്‍ക്കളിയില്‍ അരങ്ങേറ്റം കുറിച്ചത്. മടിക്കൈയിലെ ഐകോടന്‍ നാരായണന്‍ ആയിരുന്നു കോല്‍ക്കളിയില്‍ ഇദ്ദേഹത്തിന്റെ ഗുരു. കോല്‍ക്കളിയില്‍ ചുവടുകള്‍ വെച്ച് അരങ്ങേറിയ മലപ്പച്ചേരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നീണ്ട ഇരുപത്തിയഞ്ചുവര്‍ഷത്തിലധികം ഇദ്ദേഹം കോല്‍ക്കളി കളിച്ചിട്ടുണ്ട്. വിപുലമായ ശിഷ്യസമ്പത്തിനുടമയായ കെ.പി കൃഷ്ണന്റെ ശിഷ്യഗണങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍മുതല്‍ വീട്ടമ്മമാര്‍ വരെയുണ്ട്. തീര്‍ത്തും സൗജന്യമായാണ് ഇദ്ദേഹം ശിഷ്യരെ കോല്‍ക്കളി അഭ്യസിപ്പിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ വിവിധഭാഗങ്ങളില്‍ വിപുലമായ ശിഷ്യസമ്പത്തിന്റെ ഉടമ കൂടിയാണ് കെ.പി കൃഷ്ണന്‍. കാഞ്ഞങ്ങാട് നടന്ന കര്‍ഷകതൊഴിലാളി യൂണിയന്‍ സംസ്ഥാന സംമ്മേളനത്തോടനുബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ക്ക് മുന്നില്‍ കോല്‍ക്കളി അവതരിപ്പിച്ചതും അദ്ദേഹത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയതും കൃഷ്ണന്റെ ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട്.
കോല്‍ക്കളി രംഗത്ത് നല്‍കിയ സംഭാവന മാനിച്ച് 2014- ലെ ഗുരുപൂജ അവാര്‍ഡിനര്‍ഹമായ ഇദ്ദേഹത്തെ ചിറക്കല്‍ കോവിലകത്ത് നിന്നും സ്വന്തം തട്ടകമായ മലപ്പച്ചേരിയില്‍ നിന്നും ആദരവുകള്‍ തേടിയെത്തി. പ്രാദേശിക തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കോല്‍ക്കളിയില്‍ അവതരിപ്പിക്കപ്പെടുന്ന പാട്ടുകള്‍ പുരാണ കഥാ സന്ദര്‍ഭങ്ങളിലേതാണെങ്കിലും തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പ്രതേ്യകം കോല്‍ക്കളി പാട്ടുകളും ഇദ്ദേഹം തയ്യാറാക്കി രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. കോല്‍ക്കളി പരിശീലന രംഗത്തേക്ക് പുതുതലമുറ വരാന്‍ മടിക്കുന്നതിനാല്‍ ഈ നാടന്‍ കലാരൂപം അന്യം നിന്നുപോകാന്‍ സാധ്യതയുണ്ടെന്നാണ് കെ.പി. കൃഷ്ണന്റെ വിലയിരുത്തല്‍.
ഒരു കാലത്ത് ക്ഷേത്രോത്സവങ്ങളിലെ അവിഭാജ്യ ഇനമായിരുന്ന കോല്‍ക്കളി മറ്റ് നാടന്‍ കലകളെപോലെ വിസ്മൃതിയുടെ കുപ്പത്തൊട്ടിയിലായിരിക്കുകയാണ്. ക്ഷേത്രോത്സവങ്ങള്‍ ശബ്ദഘോഷങ്ങളുടെ കെട്ടുകാഴ്ചയായി തീര്‍ന്നതോടെ കോല്‍ക്കളി എന്ന കലാരൂപവും ക്ഷേത്രമുറ്റങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു. മെയ്‌വഴക്കത്തിന്റെ കലയായ കോല്‍ക്കളി ഉത്തരമലബാറില്‍ നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുമ്പോഴും കോല്‍ക്കളി കലാരംഗത്ത് നിന്ന് വിട്ടുമാറാന്‍ ഇദ്ദേഹം തയ്യാറല്ല. കോല്‍ക്കളിയെ നവീകരിച്ച് നിലനിര്‍ത്തുക എന്ന ശ്രമത്തിന്റെ ഭാഗമായാണ് തലയില്‍ കത്തിച്ചുവെച്ച നിലവിളക്കുമായി പെണ്‍കുട്ടികളെ കോല്‍ക്കളി ചുവടുകള്‍ പരിശീലിപ്പിക്കാന്‍ രംഗത്തിറങ്ങിയത്. ഉത്തരമലബാറിന്റെ തനത് കലാരൂപമായ കോല്‍ക്കളിയെ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടത്ര ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലന്നാണ് കൃഷ്ണന്റെ പരാതി . കോല്‍ക്കളി വേദിയില്‍ അമ്പതാണ്ടു പിന്നിട്ടിട്ടും മടിെൈക്ക മൂന്നുറോഡ് എരിപ്പില്‍ കെ.പി കൃഷ്ണന്‍ ഇന്നും എല്ലാരംഗങ്ങളിലും സക്രിയ സാന്നിദ്ധ്യമാണ്. മെയ്യും കയ്യും മനസ്സില്‍ ഒരു ജോടി കോലില്‍ കേന്ദ്രീകരിച്ച് പദഭംഗിയും താളാത്മകതയും ഒത്തിണങ്ങിയ പാട്ടുമായി നന്മനാടന്‍ കലാവേദിയില്‍ പരിശീലനത്തില്‍ സജീവമാണ് കെ.പി കൃഷ്ണന്‍. സമീപകാലത്ത് മലയാള കവിതകളും മറ്റും കോല്‍ക്കളിക്കനുസരിച്ച് ചിട്ടപ്പെടുത്തി പാടാറുണ്ട്. സാക്ഷരതാ പ്രവര്‍ത്തങ്ങളുടെ കാലയളവില്‍ പ്രചരണത്തിനായി ധാരാളം പുതിയ കവിതകളും കോല്‍ക്കളിക്കായി ഉപയോഗിച്ചിരുന്നു.
പ്രാദേശീകമായും അല്ലാതെയും ഇദ്ദേഹത്തെ തേടിയത്തിയ അവാര്‍ഡുകളും അംഗീകാരങ്ങളും നിരവധിയാണ്. ഒരു മാതൃകാകര്‍ഷകന്‍ കൂടിയായ കെ.പി. കൃഷ്ണന് ഭാര്യമാധവിയില്‍ നിന്നും മക്കളായ നിഷ, ശ്രീകല, മിനി എന്നിവരില്‍ നിന്നും നാട്ടുകാരില്‍ നിന്നെന്നപോലെ നിര്‍ലോഭമായ പ്രോത്സാഹനവും സഹകരണവും ലഭിച്ചുവരുന്നു.

കെ.പി. കൃഷ്ണന്‍
എരിപ്പില്‍ ഹൗസ്
മൂന്ന് റോഡ് ,മടിക്കൈ
നീലേശ്വരം – 671314
ഫോണ്‍ – 9946404177

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *